ഓൺലൈനിൽ ഓർഡർ ചെയ്ത ഐ–ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലിലിട്ടു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് വിലകൂടിയ ഐ ഫോൺ സ്വന്തമാക്കാനായി രണ്ട് യുവാക്കൾ ചേർന്ന് ഡെലിവറി ബോയിയെ കൊലപ്പെടുത്തിയത്. നിഷാദ്ഗൻജ് സ്വദേശിയായ ഭരത് സാഹു(30) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ചിൻഹത്ത് സ്വദേശിയായ ഗജനൻ, ഇയാളുടെ കൂട്ടാളി ആകാശ് എന്നിവരെ പൊലീസ് പിടികൂടി.
ഫ്ലിപ്കാർട്ടിലൂടെയാണ് ഗജനൻ ഐ–ഫോൺ ഓർഡർ ചെയ്തിരുന്നത്. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനായിരുന്നു പ്രതികൾ സെലക്ട് ചെയ്തത്. ഫോൺ ഡെലിവറിക്കെത്തിയ ഭരത് സാഹുവിനെ ശ്വാസംമുട്ടിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കനാലിലെറിയുകയായിരുന്നു. സെപ്റ്റംബർ 23നായിരുന്നു കൊല നടന്നത്.
രണ്ടുദിവസമായി സാഹുവിനെ കാണാതായതോടെ വീട്ടുകാർ സെപ്റ്റംബർ 25ന് പൊലീസിൽ പരാതി നൽകി. സാഹുവിൻറെ ഫോൺകോൾ വിവരങ്ങളും ലൊക്കേഷനും പൊലീസ് ശേഖരിച്ചു. അവസാനമായി ഗജനനെയാണ് സാഹു വിളിച്ചതെന്ന് മനസ്സിലാക്കി ഇയാളെ ചോദ്യം ചെയ്തു. തുടരന്വേഷണത്തിൽ കൂട്ടുപ്രതിയായ ആകാശിനെയും കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ ആകാശ് കുറ്റസമ്മതം നടത്തി. മൃതദേഹം ഇന്ദിര കനാലിൽ ഉപേക്ഷിച്ചതായി ഇയാളാണ് പൊലീസിനോട് പറഞ്ഞത്. മൃതദേഹത്തിനായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.