
ലഖ്നൗ: ബാങ്ക് മാനേജരായ ഭാര്യയെ ഓഫീസിന് മുന്നിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. വിവാഹമോചനക്കേസിൽ ഭാര്യ ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടത് ഭർത്താവിനെ പ്രകോപിപ്പിച്ചിരുന്നോ എന്നതടക്കം പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നാലെ പ്രതി പങ്കുവെച്ച വാട്സാപ് സ്റ്റാറ്റസും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. ലഖ്നൗവിലെ ഗോമതി നഗറിലുള്ള ഐസിഐസിഐ ബാങ്കിലെ മാനേജർ ദിവ്യ മിശ്രയാണ് കൊല്ലപ്പെട്ടത്. എസ്ബിഐ ജീവനക്കാരനായ ഭർത്താവ് മാനസ് ബാജ്പേയിയാണ് കൊലപാതകം നടത്തിയത്. ഓഗസ്റ്റ് 20ന് ഉച്ചയോടെയാണ് സംഭവം. ബാങ്കിന് മുന്നിലെത്തിയ മാനസ്, ദിവ്യയെ ഓഫീസിൽനിന്ന് വിളിച്ചിറക്കിയ ശേഷം കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ മാനസ് സഹോദരി ഷീബയെയും വെടിവെച്ച് കൊലപ്പെടുത്തി. പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ടിവി ഉച്ചത്തിൽ പ്രവർത്തിപ്പിച്ച ശേഷമാണ് സഹോദരിയെ വെടിവെച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മാനസും ദിവ്യയും തമ്മിലുള്ള വിവാഹമോചനക്കേസാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി പൊലീസ് പരിശോധിക്കുന്നത്. ഓഗസ്റ്റ് 18ന് കുടുംബകോടതിയിൽ കേസിന്റെ വാദം നടന്നിരുന്നു. ഇതിനിടെയാണ് ദിവ്യ ഭർത്താവിൽനിന്ന് ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് ശേഷം മാനസ് അസ്വസ്ഥനായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാകാം കൊലപാതകം ആസൂത്രണം ചെയ്തതെന്നും സംശയമുണ്ട്. എന്നാൽ ജീവനാംശം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന്റെ ഏക കാരണമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടില്ല.
2017ലാണ് ദിവ്യയും മാനസും വിവാഹിതരായത്. തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പതിവായി. കഴിഞ്ഞ നവംബർ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഈ വർഷം ജനുവരിയിലാണ് ദിവ്യ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ദമ്പതികൾക്ക് മക്കളില്ല. മാനസിന്റെ അമ്മയ്ക്ക് 2018ൽ കാൻസർ സ്ഥിരീകരിച്ചതോടെ ദിവ്യ വീണ്ടും ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ മാനസിന്റെ സഹോദരി ഷീബയ്ക്കൊപ്പം താമസിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായി. 2019ൽ മാനസിന്റെ അമ്മ മരിച്ചതിന് പിന്നാലെ ദിവ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഷീബയെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടർന്നിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
ദുരൂഹമായി വാട്സാപ് സ്റ്റാറ്റസ്
കൊലപാതകത്തിനും ആത്മഹത്യയ്ക്കും തൊട്ടുമുമ്പ് മാനസ് പങ്കുവെച്ച വാട്സാപ് സ്റ്റാറ്റസും പൊലീസ് പരിശോധിക്കുന്നുണ്ട്. ഭാര്യ തന്നെ വഞ്ചിച്ചെന്നും ദിവ്യയുടെ സഹോദരി പ്രഗ്യയ്ക്കും ഭർത്താവ് ഭരത്തിനും കുടുംബപ്രശ്നങ്ങളെക്കുറിച്ച് അറിയാമെന്നുമായിരുന്നു സ്റ്റാറ്റസിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ദിവ്യയുടെ സഹോദരി ഉൾപ്പെടെയുള്ളവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. എന്നാൽ യൂട്യൂബറായ പ്രഗ്യ മിശ്രയ്ക്കും ഭർത്താവ് ഭരത്തിനും ദിവ്യയുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി മാനസിന്റെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ, സമൂഹമാധ്യമ ഇടപെടലുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.










