
പാചകവാതക സബ്സിഡി ലഭിക്കുന്നവർക്കായി കേന്ദ്ര സർക്കാർ പുതിയ പരിശോധനകൾ ശക്തമാക്കുന്നു. വാർഷിക നികുതി വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താക്കളുടെ സബ്സിഡി ഉടൻ നിർത്തലാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട എസ്.എം.എസ് സന്ദേശങ്ങൾ പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.
നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഉപഭോക്താവിനോ കുടുംബത്തിലെ അംഗത്തിനോ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക നികുതി വരുമാനമുണ്ടെങ്കിൽ എൽ.പി.ജി സബ്സിഡിക്ക് അർഹതയില്ല. ആദായനികുതി വകുപ്പിന്റെ രേഖകൾ അടിസ്ഥാനമാക്കി വിവരങ്ങൾ പരിശോധിക്കുകയാണെന്നാണ് കമ്പനികളുടെ വിശദീകരണം. അടുത്തിടെ നടന്ന കെവൈസി പുതുക്കൽ നടപടികൾക്കുശേഷമാണ് പരിശോധനകൾ കൂടുതൽ ശക്തമായത്.
ഇപ്പോൾ സബ്സിഡിയായി ലഭിക്കുന്നത് ഒരു സിലിണ്ടറിന് 24.50 രൂപ മാത്രമാണ്. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതും ആദായനികുതി പരിധിക്ക് പുറത്തുള്ളവർക്കുമാണ് ഈ തുക ലഭിക്കുന്നത്.
എന്നാൽ, വരുമാനപരിധി ലംഘിച്ചുവെന്ന സന്ദേശം തെറ്റാണെന്ന് കരുതുന്നവർക്ക് പരാതി നൽകാൻ അവസരമുണ്ട്. ഏഴ് ദിവസത്തിനകം 18002333555 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ പോർട്ടലുകളിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം.
സബ്സിഡി നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. മുൻപ് 400 രൂപ വരെ ലഭിച്ചിരുന്ന സബ്സിഡി കോവിഡ് ലോക്ക്ഡൗൺ കാലത്ത് 24.50 രൂപയായി ചുരുക്കിയ സാഹചര്യത്തിൽ, ഇത്ര ചെറിയ തുകയ്ക്കായി കർശന പരിശോധനകൾ നടത്തുന്നതിൽ ഉപഭോക്താക്കൾക്കിടയിൽ അമർഷമുണ്ട്. .
അതേസമയം, വ്യക്തികളുടെ ആദായനികുതി വിവരങ്ങൾ എണ്ണക്കമ്പനികൾ പരിശോധിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്ന് ഉപഭോക്തൃസംരക്ഷണ പ്രവർത്തകരും ആരോപിക്കുന്നു. പെട്ടെന്ന് ലഭിക്കുന്ന എസ്.എം.എസ് സന്ദേശങ്ങളും ഏജൻസികളിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാത്തതും ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം വർധിപ്പിക്കുകയാണ്.










