07:13am 30 April 2026
NEWS
രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി
01/10/2025  07:42 AM IST
nila
രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി

രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വില വർധിപ്പിച്ചത്. 19 കിലോ​ഗ്രാം സിലിണ്ടറിന് 15-15.5 രൂപയാണ് കൂട്ടിയത്.  കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. വില വർധനവ് നിലവിൽ വന്നതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപയാണ്. കോഴിക്കോട്ട് 1,634.5 രൂപയായി.

വാണിജ്യ സിലിണ്ടറിന് ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 രൂപ, ജൂലൈയിൽ 57.5 രൂപ, ഓഗസ്റ്റിൽ 34.5, സെപ്റ്റംബറിൽ 51.5 രൂപ എന്നിങ്ങനെ കുറച്ചിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.  

അതേസമയം, ​ഗാർഹിക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ ഇക്കുറിയും മാറ്റംവരുത്തിയില്ല. വില കൊച്ചിയിൽ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ; തിരുവനന്തപുരത്ത് 862 രൂപ. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്നു പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img