
ന്യൂഡൽഹി: സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്റെ വില 2,763 രൂപയായും ഡൽഹിയിൽ 2,747.50 രൂപയായും ഉയർന്നു.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
വാണിജ്യ എൽപിജി വിലയിലെ തുടർച്ചയായ വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. പാചകവാതക ചെലവ് ഉയരുന്നത് ഉൽപാദനച്ചെലവിലും നേരിട്ട് പ്രതിഫലിക്കും.
നേരത്തെയും വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചതിനെ തുടർന്ന് ഹോട്ടൽ ഉടമകൾ ഭക്ഷണവിഭവങ്ങളുടെ വില ഉയർത്തിയിരുന്നു. പുതിയ വർധനവ് ഭക്ഷണവിലയിൽ വീണ്ടും മാറ്റമുണ്ടാക്കുമോയെന്ന ആശങ്കയും ശക്തമാണ്.











