02:27am 17 October 2026
NEWS

പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി

07/09/2026  03:39 PM IST
nila
 പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി

ന്യൂഡൽഹി: പാചകവാതക സിലിണ്ടർ റീഫിൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. തിങ്കളാഴ്ച മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചത്.

എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറഞ്ഞതുമാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ കാരണം. ഇതുസംബന്ധിച്ച നിർദേശം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നൽകി.

നേരത്തെ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു രണ്ട് റീഫിൽ ബുക്കിങ്ങുകൾക്കിടയിലെ നിർബന്ധിത ഇടവേള. പുതിയ തീരുമാനത്തോടെ ഈ വ്യത്യാസം ഒഴിവാക്കി രാജ്യത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ഒരേ മാനദണ്ഡമാണ് ബാധകമാകുക.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജവിപണിയിൽ ഉണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാർച്ച് 12 മുതൽ എൽപിജി റീഫിൽ ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾ ആവശ്യത്തിലധികം സിലിണ്ടറുകൾ ബുക്ക് ചെയ്ത് സംഭരിക്കുന്നത് തടയുന്നതിനും രാജ്യത്ത് ലഭ്യമായ എൽപിജി വിതരണത്തിൽ തുല്യത ഉറപ്പാക്കുന്നതിനുമായിരുന്നു നടപടി.

രാജ്യത്ത് എൽപിജിക്ക് ക്ഷാമമില്ലെന്നും നിയന്ത്രണം ഏർപ്പെടുത്തിയ സമയത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള.

എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്.

ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img