
മേയ് ഒന്നു മുതൽ എൽപിജി സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ പ്രതിസന്ധി ഇന്ത്യയിലെ എൽപിജി വിതരണത്തെയും ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതോടൊപ്പം സിലിണ്ടർ വില കൂടി ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.
ബുക്കിങ് ഇടവേള നീളുന്നു
നഗരപ്രദേശങ്ങളിൽ സിലിണ്ടർ വീണ്ടും ബുക്ക് ചെയ്യാനുള്ള ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാകും. അതിനാൽ ഉപഭോക്താക്കൾ മുൻകൂട്ടി പ്ലാൻ ചെയ്ത് ബുക്കിങ് നടത്തേണ്ട സാഹചര്യമാണുണ്ടാകുന്നത്. ഇല്ലെങ്കിൽ വിതരണത്തിൽ താമസം നേരിടാൻ സാധ്യതയുണ്ട്.
ഒടിപി സംവിധാനം കർശനം
ഓൺലൈൻ ബുക്കിംഗുകൾ കൂടുതലായതോടെ, ഡെലിവറി സമയത്ത് ഒടിപി നിർബന്ധമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത വ്യക്തിക്ക് തന്നെയാണ് സിലിണ്ടർ ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാണ് ഇത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ സംവിധാനം സ്ഥിരമാക്കാനാണ് നീക്കം.
ഉജ്വല പദ്ധതിക്ക് ഇ-കെവൈസി
പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനത്തിലുള്ള ഇ-കെവൈസി നിർബന്ധമാക്കി. ഇത് ഓരോ സാമ്പത്തിക വർഷത്തിലും ഒരിക്കൽ പൂർത്തിയാക്കണം. മറ്റ് ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ല.
വില ഉയരുമോ?
ഓരോ മാസവും ഒന്നിന് എണ്ണക്കമ്പനികൾ എൽപിജി വില പുതുക്കാറുണ്ട്. മാർച്ചിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിച്ചിരുന്നു. നിലവിൽ തിരുവനന്തപുരത്ത് ഇത് 922 രൂപയാണ്. വാണിജ്യ സിലിണ്ടറുകൾക്കും അടുത്തിടെ നിരക്ക് വർധിച്ചിരുന്നു. മേയ് മാസത്തിലും വില ഉയരാനിടയുണ്ടെന്നാണ് സൂചന.
ആശങ്ക വേണ്ടെന്ന് സർക്കാർ
രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ, പാചക വാതകം എന്നിവ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അനാവശ്യമായ പരിഭ്രാന്തിയിൽ കൂടുതൽ ബുക്കിങ് നടത്താതിരിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകളും വിതരണ സംവിധാനവും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്.










