04:03am 10 November 2026
NEWS
തീവ്ര ന്യൂനമർദം; കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു
18/08/2026  03:03 PM IST
nila
തീവ്ര ന്യൂനമർദം; കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദം തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്.

ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം മുനമ്പം ഫിഷിംഗ് ഹാർബർ മുതൽ മറുവക്കാട് വരെയും തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരങ്ങളിൽ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

മലപ്പുറം കടലുണ്ടി മുതൽ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല ഫിഷിംഗ് ഹാർബർ മുതൽ രാമനാട്ടുകര വരെയും കണ്ണൂർ വളപട്ടണം–ന്യൂമാഹി മേഖലയിലും കാസർകോട് കുഞ്ഞത്തൂർ മുതൽ കോട്ടക്കുന്ന് വരെയും 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.3 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തീരദേശത്ത് പ്രത്യേക ജാഗ്രത

കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

ഉയർന്ന തിരമാലയുള്ള സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പ് നിലനിൽക്കുന്ന കാലയളവിൽ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശമുണ്ട്.

ബീച്ചുകളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഉൾപ്പെടെ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണം. തിരമാല ശക്തമാകുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമായതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത കൈവിടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img