11:59am 26 October 2026
NEWS
ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്
25/10/2026  07:13 AM IST
nila
ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ മുന്നറിയിപ്പ് കടുപ്പിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. നാളെ പാലക്കാട്, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഴ കനക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പൂർണമായി നിരോധിക്കുകയും ചെയ്തു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കേരളത്തിന് പുറമെ കർണാടകത്തിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, കൊടക്, മൈസൂരു, ചാമരാജ് നഗർ, ഹാസൻ, ബല്ലാരി ജില്ലകളിലാണ് മുന്നറിയിപ്പ്. ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശത്തും മലയോര മേഖലയിലും പ്രത്യേക ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. മഴക്കെടുതികൾക്കും മറ്റ് പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img