08:10pm 12 November 2026
NEWS
വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല; കോട്ടയത്ത് കമിതാക്കൾ ജീവനൊടുക്കി
31/01/2026  09:23 AM IST
nila
വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല; കോട്ടയത്ത് കമിതാക്കൾ ജീവനൊടുക്കി

കോട്ടയത്ത് കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22), മര്യാത്തുരുത്ത് സ്വദേശി ആസിയ (20) എന്നിവരാണ് മരിച്ചത്. ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. 

മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. അഗ്നിരക്ഷാസേനയും എത്തിയിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. 

വ്യത്യസ്ത മതവിഭാ​ഗത്തിൽപെട്ടവരായിരുന്നു നന്ദകുമാറും ആസിയയും. ഇവരുടെ പ്രണയത്തെ അം​ഗീകരിക്കാൻ വീട്ടുകാർ തയ്യാറായിരുന്നില്ല എന്നാണ് വിവരം. വിവാഹം കഴിക്കാൻ വീട്ടുകാർ അനുവദിക്കാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്‌ച ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

മൃതദേഹങ്ങൾ ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img