08:04pm 22 November 2026
NEWS

ബലാത്സം​ഗ വിവാദം: ജലന്ധറിലെ ലവ്‌ലി സർവകലാശാലയിൽ സംഘർഷത്തിനു പിന്നാലെ മലയാളി വിദ്യാർഥി അറസ്റ്റിലായെന്ന് സൂചന

28/09/2026  11:09 AM IST
nila
 ബലാത്സം​ഗ വിവാദം: ജലന്ധറിലെ ലവ്‌ലി സർവകലാശാലയിൽ സംഘർഷത്തിനു പിന്നാലെ മലയാളി വിദ്യാർഥി അറസ്റ്റിലായെന്ന് സൂചന

ജലന്ധർ: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ (എൽ.പി.യു.) വിദ്യാർഥി പ്രതിഷേധത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിലായതായി സൂചന. പോലീസ് വാഹനത്തിന് തീയിട്ടെന്ന ആരോപണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. എന്നാൽ അറസ്റ്റ് സംബന്ധിച്ച് പോലീസിന്റെയോ സർക്കാർ സംവിധാനങ്ങളുടെയോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

വിദ്യാർഥികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി വിദ്യാർഥിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പഞ്ചാബിലെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എഐഎംഎ) പ്രതിനിധി അലക്‌സ് പറഞ്ഞു. വിദ്യാർഥി സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് സഹപാഠികൾ പറയുന്നത്. അറസ്റ്റ് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘർഷത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥികൾക്ക് ചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ എഐഎംഎ ഇടപെടുന്നുണ്ട്. മലപ്പുറം സ്വദേശിയായ ഒരു വിദ്യാർഥിക്ക് സംഘർഷത്തിനിടെ പരിക്കേറ്റിരുന്നു. ഇയാളെ ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം നാട്ടിലേക്ക് അയച്ചു.

ഹോസ്റ്റലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചില്ലുകൾ പൊട്ടിയതിനെത്തുടർന്നും അടുക്കള ഭാഗത്തുണ്ടായ തീപിടിത്തത്തിലുമാണ് ചിലർക്ക് പരിക്കേറ്റത്. ഇവർക്ക് ജലന്ധറിൽ പ്രാഥമിക ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ക്യാമ്പസിൽ കുടുങ്ങിക്കിടക്കുന്ന 700-ഓളം വിദ്യാർഥികളെ സുരക്ഷിതമായി പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബസുകളിലും മറ്റ് വാഹനങ്ങളിലുമായി വിദ്യാർഥികളെ ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. തുടർന്ന് ഇവരെ നാട്ടിലെത്തിക്കാനാണ് ശ്രമം.

സംഘർഷത്തെ തുടർന്ന് സർവകലാശാല ദീർഘകാല അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളെ ക്യാമ്പസിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചതെന്നാണ് വിവരം. നിലവിൽ സർവകലാശാല പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.

ഏകദേശം 2,000 പോലീസുകാരെയാണ് ക്യാമ്പസിൽ വിന്യസിച്ചിരിക്കുന്നത്. സർവകലാശാലയിൽനിന്ന് വാക്കിടോക്കി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തതായും വിവരമുണ്ട്. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിരുന്നോ, ആസൂത്രിതമായ ഗൂഢാലോചന നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് വിവരം. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി പ്രതിഷേധം മനഃപൂർവം അക്രമത്തിലേക്ക് നയിച്ചോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ ഒരു വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്ന വിവരം പുറത്തുവന്നതോടെയാണ് ശനിയാഴ്ച രാത്രി പ്രതിഷേധം ആരംഭിച്ചത്. സംഭവം സംബന്ധിച്ച് വിവരം നൽകിയിട്ടും ഹോസ്റ്റൽ വാർഡൻ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഹോസ്റ്റലുകളിൽ വനിതാ ജീവനക്കാരെ മാത്രം നിയമിക്കുക, ബലാത്സംഗക്കേസിൽ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു.

വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. അതേസമയം, ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്.

സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതായും അറസ്റ്റ് ചെയ്തതായും വിവരങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. മലയാളി വിദ്യാർഥിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img