
ബെംഗളുരു: കർണാടകയിൽ വിവാഹിതയായ യുവതി മലയാളി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിന് പിന്നിൽ ലൗ ജിഹാദെന്ന ആരോപണം ശക്തമാക്കി ഹിന്ദു സംഘടനകൾ. ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ യുവതിയാണ് കുറച്ചുദിവസം മുമ്പ് മലയാളിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കേരളത്തിൽ നിന്നാണ് യുവതിയേയും കാമുകനെയും പൊലീസ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നാവലെ ലൗ ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനകൾ രംഗത്തെത്തി. മുഡിഗരെയിലെ ബങ്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദു സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിനിടയാക്കി. യുവതിയുടെ കാമുകനെതിരെ മുദ്രാവാക്യം വിളിച്ച് ഹിന്ദുസംഘടനാ നേതാക്കൾ സ്റ്റേഷനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഹിന്ദുസംഘടനാ പ്രവർത്തകരും നേതാക്കളും മുദ്രാവാക്യംവിളിച്ച് സ്റ്റേഷൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ഗേറ്റ് അടച്ചു. ഇതിനു പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ ദേശീയപാത ഉപരോധിച്ചു. പിന്നീട് രണ്ട് ദിസവത്തിനുള്ളിൽ പരാതിക്കാരോട് സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.











