02:10am 23 October 2026
NEWS
മൃഗസ്‌നേഹവും മനുഷ്യ ജീവനും; ശബരിമലയിലെ സ്വർണ്ണക്കടത്തും - കോടതിയിടപെടൽ തുടരുന്നു
10/11/2025  07:04 PM IST
സുരേഷ് വണ്ടന്നൂർ
മൃഗസ്‌നേഹവും മനുഷ്യ ജീവനും; ശബരിമലയിലെ സ്വർണ്ണക്കടത്തും - കോടതിയിടപെടൽ തുടരുന്നു

കേരളത്തിൽ തെരുവുനായ്ക്കളുടെ ശല്യം പെരുകുമ്പോൾ, മനുഷ്യജീവൻ വിലയില്ലാത്തതാകുന്നു എന്ന വിമർശനവുമായി സുപ്രീം കോടതി. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയ ശേഷം പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരാജയപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളെ ഉടൻ ഷെൽട്ടറുകളിലേക്ക് മാറ്റാൻ കോടതി ഇണ്ടാസ് നൽകി. പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച് എട്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ പിഴ നൽകേണ്ടി വരുമെന്നും കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

​മറ്റൊരു സംഭവത്തിൽ, കേരളത്തിന്റെ 'നമ്പർ വൺ ആരോഗ്യസംവിധാനം' എന്ന അവകാശവാദം പൊളിച്ചടുക്കുന്ന ഗുരുതരമായ വാർത്തയാണ് പുറത്തുവന്നത്. തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഹൃദ്രോഗിയായ ഒരു ഓട്ടോഡ്രൈവർ മരിച്ചു. തനിക്ക് ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും 'തെരുവുനായയ്ക്കുള്ള പരിഗണന പോലും ലഭിച്ചില്ല' എന്ന് മരണത്തിന് തൊട്ടുമുമ്പ് ഇദ്ദേഹം സുഹൃത്തിനയച്ച ശബ്ദസന്ദേശം വെളിപ്പെടുത്തുന്നു. അടിയന്തര ആൻജിയോഗ്രാം ലഭിക്കാതെ അഞ്ചു ദിവസം വെറുംനിലത്ത് കിടത്തിയതിന് ശേഷമാണ് ഇദ്ദേഹം മരണപ്പെട്ടത്. നിർദ്ധനരായ രോഗികൾക്ക് സർക്കാർ ആശുപത്രികൾ മരണക്കിടക്കകളായി മാറുന്നു എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്.

​അതേസമയം, ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനും സർക്കാരിനും ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി നേരിട്ടു. ശ്രീകോവിലിന്റെ വാതിൽ മുതൽ ദ്വാരപാലക ശില്പങ്ങൾ വരെയുള്ള അമൂല്യ വസ്തുക്കളുടെ മോഷണത്തിലും കള്ളക്കടത്തിലും രാജ്യാന്തര സംഘത്തിന് പങ്കുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. 2019-ൽ നടന്ന കവർച്ചകൾക്ക് പുറമെ, ദേവസ്വം മാനുവലും കോടതി ഉത്തരവുകളും ലംഘിച്ച് ഈ വർഷവും ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ നിലവിലെ ബോർഡിന്റെ വീഴ്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി നീട്ടാനുള്ള സർക്കാർ നീക്കം പാളി. 'അയ്യപ്പന്റെ പണി' എന്നാണ് ഇതിനെ വിലയിരുത്തുന്നത്.

​മന്ത്രിസഭയെയും ഇടതുമുന്നണിയെയും മറികടന്ന് കേന്ദ്ര പദ്ധതിയായ 'പി.എം. ശ്രീ'യിൽ ഒപ്പിട്ടതിന് വിദ്യാഭ്യാസ മന്ത്രി മാപ്പ് പറഞ്ഞതും വാർത്തയായി. പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചെങ്കിലും, കത്ത് വൈകിച്ചതിലൂടെ ആദ്യ ഗഡുവായി 91 കോടി രൂപ കേന്ദ്ര ഫണ്ട് നേടാൻ സർക്കാരിന് കഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img