
കോട്ടയം എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളുടെ പ്രണയബന്ധം അംഗീകരിക്കാനാകാതെ അമ്മ സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയതാണ് വൻ ദുരന്തമായി മാറിയത്. എരുമേലി – റാന്നി റോഡിൽ ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണ് ഇന്നലെ ഉച്ചക്ക് പൊള്ളലേറ്റ് മരിച്ചത്. ഇവരുടെ വീടും കത്തിനശിച്ചു. മകൻ അഖിലേഷിന് (ഉണ്ണിക്കുട്ടൻ –25) പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയാണ് സത്യപാലൻ. മകൾ അഞ്ജലി ഗൾഫിൽ നഴ്സാണ്. സത്യപാലന്റെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനുമായി യുവതി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് യുവതി ഗൾഫിൽ നിന്നും എത്തിയത്. മകളുടെ പ്രണയം അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. സത്യപാലനും കുടുംബവും ഈ ബന്ധത്തെ എതിർക്കുകയും മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അഞ്ജലിയുടെ കാമുകൻ ഇവരുടെ വീട്ടിലെത്തി യുവതിയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ സമ്മതിച്ചില്ല. ഇന്നലെ രാവിലെ യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വീണ്ടും എത്തി. അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു. യുവാവും ബന്ധുക്കളും മടങ്ങിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ യുവതിയുടെ കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടായി.
ഇതിനിടയിൽ താൻ ശുചിമുറിയിൽ കയറി കതകടച്ചെന്നും ആ സമയം അമ്മ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയെന്നുമാണ് അഖിലേഷ് കൊടുത്ത മൊഴി. ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾക്കും ജനറേറ്ററിനുമായി പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. അഖിലേഷാണ് അച്ഛനെയും സഹോദരിയെയും വീടിനുള്ളിൽനിന്നു പുറത്തെത്തിച്ചത്. പൊള്ളലേറ്റു മരിച്ചു കിടന്ന ശ്രീജയെ കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ച ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്.










