
കൊച്ചി : കേന്ദ്ര സർക്കാർ ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമാക്കി വർധിപ്പിച്ചതിൽ
പ്രതിഷേധിച്ച് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് ലോട്ടറി ഏജന്റുമാരുടെയും തൊഴിലാളികളുടെയും രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കും. 16 മുതൽ 18 നുള്ളിൽ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തും. തൊഴിലാളികളും ബഹുജനങ്ങളും ഒപ്പിട്ട നിവേദനം കേന്ദ്ര സർക്കാരിന് സമർപ്പിക്കും തുർന്ന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കുന്നതിന് എറണാകുളത്ത് ചേർന്ന കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെന്ററിൽ ചേർന്ന കൺവെൻഷൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി യുണിയൻ സംസ്ഥാന പ്രസിഡന്റും സംരക്ഷണ സമിതി ചെയർമാനുമായ ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സിഐടിയു യൂണിയൻ പ്രസിഡന്റും സംരക്ഷണ സമിതി കൺവീനറുമായ പി ആർ ജയപ്രകാശ് സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ്മ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ, ലോട്ടറി തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ടി ബി സുബൈർ ,വി ബാലൻ (എകെഎൽടിയു- എഐടിയുസി ) , ജോർജ്ജ് കോട്ടൂർ (കെടിയുസി -എം )അൻസറുദ്ദീൻ (കെഎൽവിഎസ് യു ) , പേരൂർ ശശിധരൻ (എച്ച്എംഎസ് ), പുരുഷോത്തമ ഭാരതി (കെഎൽഎഎ ) , മുരുഗേഷ് ( കെഎൽഡബ്ല്യൂഎ ), ജെ ജയകുമാർ (കെഎൽടിഎ ), എന്നിവർ പ്രസംഗിച്ചു. മുൻ ക്ഷേമബോർഡ് ചെയർമാനും കൺവീനറുമായിരുന്ന എം വി ജയരാജൻ സമരപ്രഖ്യാപനം നിർവഹിച്ചു. കൺവെൻഷന് സംരക്ഷണ സമിതി നേതാക്കളായ പി എസ് മോഹനൻ, എ എ അൻഷാദ്, പി എം ജമാൽ, ബാബു കടമക്കുടി, ഷാജി ഇടപ്പള്ളി, എസ് അഫ്സൽ, രമണൻ പടന്നയിൽ, ബേബി തോമസ് എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google











