
ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. ലോട്ടറി നികുതി സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാരിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിർണായക വിധി.
2010ലെ സാമ്പത്തിക ഭേദഗതി നിയമത്തിലെ അനുബന്ധ വകുപ്പ് റദ്ദാക്കിയ സിക്കിം ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ലോട്ടറി ടിക്കറ്റ് വിതരണക്കാർ നടത്തുന്നത് സേവനമല്ല എന്നായിരുന്നു സിക്കിം ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനങ്ങൾക്ക് ലോട്ടറി വിതരണക്കാരിൽനിന്നു ചൂതാട്ട നികുതി ഈടാക്കുന്നതു തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയിലൂടെ സംസ്ഥാനങ്ങൾക്കു ലോട്ടറി നികുതി വരുമാനം പൂർണമായി ഉറപ്പാക്കാനാകും. ലോട്ടറി നികുതി പ്രധാന വരുമാനമാർഗമായ കേരളത്തിനുൾപ്പെടെ ആശ്വാസമാണ് കോടതിയുടെ ഇന്നത്തെ വിധി.











