
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് റിപ്പോർട്ട്. യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. ഓഗസ്റ്റ് അഞ്ചിന് ഹാജരാകാൻ അനിൽ അംബാനിയോട് ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. 2017ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്ന് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.
3000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അന്വേഷണം നടക്കുന്നത്. ജൂലായ് 24- മുതലാണ് ഇ.ഡി പരിശോധന ആരംഭിച്ചത്. അനിൽ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ 35 കേന്ദ്രങ്ങളിലാണ് പരിശോധന. ഇതിൽ 50 കമ്പനികളും അനിൽ അംബാനി ഗ്രൂപ്പ് കമ്പനീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിയമനടപടികൾ ഒഴിവാക്കാൻ വ്യക്തികൾ രാജ്യം വിട്ടുപോകുന്നത് തടയാനാണ് സാധാരണയായി ലുക്ക് ഔട്ട് സർക്കുലർ ഉപയോഗിക്കുന്നത്.











