
ശമ്പരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡന്റിന്റെ ആദ്യ പ്രഖ്യാപനം പാഴായി; ഡിസംബർ 2 ന് തുടങ്ങേണ്ട സദ്യ മുടങ്ങി; കൂടിയാലോചന ഇല്ലാതെ തീരുമാനമെടുത്തത് ബോർഡംഗങ്ങളെ ചൊടിപ്പിച്ചു.
ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർക്കായി ഡിസംബർ 2 മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'കേരളീയ സദ്യ' നടപ്പാക്കാനാവാതെ ദേവസ്വം ബോർഡ്. പുതിയ പ്രസിഡന്റ് കെ. ജയകുമാർ ബോർഡ് യോഗത്തിന് ശേഷം നടത്തിയ ആദ്യ പ്രഖ്യാപനം, വേണ്ടത്ര കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാത്തതിനാൽ ആദ്യദിനം തന്നെ നിലംപൊത്തി. നാട്ടിലെ പഴമൊഴി അന്വർത്ഥമാക്കും വിധം, "ഇലയിട്ടു, ചോറില്ല" എന്ന അവസ്ഥയിലായി കാര്യങ്ങൾ.
ഡിസംബർ 2-ന് സദ്യ കഴിക്കാനെത്തിയ തീർത്ഥാടകരെ നിരാശരാക്കി വിടേണ്ടി വന്നത് ബോർഡിന് വലിയ നാണക്കേടായി. സദ്യയ്ക്ക് ഇലയ്ക്കു പകരം പാത്രമാണ് ഉപയോഗിക്കുന്നതെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, പ്രഖ്യാപനം നടപ്പാക്കാൻ കഴിയാതെ വന്നത് കഴിക്കാനിരുന്നവരെ എഴുന്നേൽപ്പിച്ചു വിടുന്നതിന് തുല്യമായി.
ബോർഡിനുള്ളിൽ 'ഏകാഭിപ്രായമില്ല'; പ്രസിഡന്റിനെതിരെ വിമർശനം
പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ ബോർഡ് അംഗങ്ങളായ കെ. രാജുവിനും പി.ഡി സന്തോഷ് കുമാറിനും കടുത്ത വിയോജിപ്പുണ്ട്. "ശബരിമലയിൽ കേരളീയ സദ്യ വിളമ്പുമെന്ന് പ്രസിഡന്റ് പറഞ്ഞത് തങ്ങളോട് ആലോചിച്ചിട്ടല്ല" എന്നാണ് ഇവരുടെ നിലപാട്. എല്ലാവരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്ന് സ്ഥാനമേറ്റെടുത്തപ്പോൾ പറഞ്ഞ പ്രസിഡന്റ്, സദ്യയുടെ കാര്യം ഒറ്റയ്ക്ക് തീരുമാനിച്ചു പ്രഖ്യാപിച്ചത് മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചു. പ്രധാനപ്പെട്ട തീരുമാനങ്ങൾ മാധ്യമങ്ങൾ വഴി അംഗങ്ങൾ അറിയേണ്ടിവരുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന് അവർ പ്രസിഡന്റിനെ ഓർമ്മിപ്പിച്ചു. ചെലവ് പരിഗണിച്ചില്ല, കരാർ പുതുക്കലും പ്രതിസന്ധിയിൽ
നിലവിലുള്ള അന്നദാന കരാർ സദ്യയിലേക്ക് മാറുമ്പോൾ വിഭവങ്ങളുടെ എണ്ണം (ഏഴ് കൂട്ടം വിഭവങ്ങളാണ് പ്രഖ്യാപിച്ചത്) കൂടുന്നതിനനുസരിച്ച് ചെലവും ഗണ്യമായി വർധിക്കും. എന്നാൽ, ചെലവ് വർധിക്കുന്നത് പരിഗണിച്ച് നിലവിലെ കരാർ പുതുക്കാനോ സാങ്കേതിക തടസ്സങ്ങൾ നീക്കാനോ ദേവസ്വം ബോർഡ് തയ്യാറായില്ല. "പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന" നിലയിലുള്ള എടുത്തുചാട്ടം മാത്രമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രസിഡന്റും രാഷ്ട്രീയ നേതാക്കളായ മറ്റ് അംഗങ്ങളും തമ്മിലുള്ള ഭരണപരമായ ഏകോപനമില്ലായ്മയുടെ ആദ്യ സൂചനയായി ഈ തർക്കം മാറി.
അന്യസംസ്ഥാന തീർത്ഥാടകരെയും തഴഞ്ഞു
കേരളീയ സദ്യയോട് യോജിപ്പുണ്ടെങ്കിലും, പരിപ്പും പപ്പടവും അവിയലും തോരനുമടങ്ങിയ സദ്യ മലയാളികൾ അല്ലാത്ത തീർത്ഥാടകർക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന അഭിപ്രായവും ബോർഡിൽ ഉയർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് കൂടി കഴിക്കാൻ സാധിക്കുന്ന 'പുലാവ്' പോലുള്ള വിഭവങ്ങൾ സദ്യയ്‌ക്കൊപ്പം ഉൾപ്പെടുത്തണമെന്ന നിർദേശവും അവഗണിക്കപ്പെട്ടു.
തീരുമാനത്തിൽ മാറ്റമില്ലെങ്കിലും സദ്യ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വേണ്ടത്ര കൂടിയാലോചനയും മുന്നൊരുക്കവുമില്ലാതെ എടുത്ത ഈ തീരുമാനം, 'സ്വർണക്കൊള്ള' പോലുള്ള സംഭവങ്ങൾ നടന്ന ശബരിമലയിൽ നിസ്സാരമെന്നു തോന്നുന്ന വിഷയങ്ങൾ പോലും വലിയ വിവാദമാകുമെന്ന യാഥാർത്ഥ്യത്തിലേക്ക് വീണ്ടും വിരൽ ചൂണ്ടുന്നു.










