
ലണ്ടൻ: ബ്രിട്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 90 പേർക്കാണ് പരുക്കേറ്റത്. ഇവരിൽ 11 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ലണ്ടനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ബെഡ്ഫോഡ് പ്രദേശത്താണ് അപകടം നടന്നത്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേയുടെ രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ട്രെയിൻ മുന്നിൽ സഞ്ചരിച്ചിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയതോടെയാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന് ലൂട്ടണിനും ബെഡ്ഫോഡിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
ട്രെയിൻ അപകടങ്ങൾ താരതമ്യേന അപൂർവമായ ബ്രിട്ടനിൽ സംഭവത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ആംബുലൻസുകളും ഫയർഫോഴ്‌സും പൊലീസും ഉടൻ സ്ഥലത്തെത്തിയിരുന്നു.
"ബോംബ് സ്ഫോടനത്തിൽ അകപ്പെട്ടതുപോലെയുള്ള അനുഭവം" എന്നാണ് അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ മുൻ ബോഗിയിലുണ്ടായിരുന്ന യാത്രക്കാരൻ പീറ്റർ നാപ് സംഭവത്തെ വിശേഷിപ്പിച്ചത്. അപകടത്തിന് പിന്നാലെ യാത്രക്കാരിൽ പലർക്കും പരുക്കേറ്റ നിലയിലായിരുന്നുവെന്നും എല്ലായിടത്തും പുക നിറഞ്ഞിരുന്നുവെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
അപകടശേഷം പുറത്തുവന്ന ചിത്രങ്ങളിൽ കേടുപാടുകൾ സംഭവിച്ച രണ്ട് ട്രെയിനുകളും പാളത്തിൽ തന്നെ കിടക്കുന്നതായി കാണാം. വലിയ തോതിൽ പരുക്കേറ്റവരെ ചികിത്സിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ബെഡ്ഫോഡ് ആശുപത്രിക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ റെയിൽവേ സുരക്ഷാ ഏജൻസികളും അന്വേഷണ സംഘങ്ങളും വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.










