
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ മേധാവി മാധബി പുരി ബുച്ചിന് ക്ലീൻ ചിറ്റ് നൽകി ലോക്പാൽ. മാധബി പുരി ബുച്ചിനെതിരായ എല്ലാ ആരോപണങ്ങളും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ആറംഗ ലോക്പാൽ ബെഞ്ച് തള്ളുകയായിരുന്നു. മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും ലോക്പാൽ ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്ര ഉൾപ്പെടെയുളള നേതാക്കൾ നൽകിയ പരാതികളാണ് ലോക്പാൽ തള്ളിയത്.
അമേരിക്കയിലെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളിലാണ് മാധബി പുരി ബുച്ചിനെ ഇപ്പോൾ ലോക്പാൽ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർഗ് ഉന്നയിച്ച പ്രധാന ആരോപണം. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തത് അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുള്ളതിനാലാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമെന്നായിരുന്നു മാധബി ബുച്ചിന്റെ പ്രതികരണം. സെബിയുടെ വിശ്വാസ്യത തകർക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചിരുന്നു. തന്നെ വ്യക്തിഹത്യ നടത്താൻ ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും മാധബി ബുച്ച് പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പും ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ വർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയായിരുന്നു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം വന്നത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സനായിരുന്ന മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.











