06:04am 31 August 2026
NEWS
കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വർധിപ്പിക്കാൻ കഴിഞ്ഞത് നേട്ടം ലോക്നാഥ് ബഹ്റ
30/08/2026  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വർധിപ്പിക്കാൻ കഴിഞ്ഞത് നേട്ടം ലോക്നാഥ് ബഹ്റ

 

ഴിഞ്ഞ 5 വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാനം ഒഴിയുന്ന  കെഎംആർഎൽ  മാനേജിങ് ഡയറക്‌ടർ  ലോക്നാഥ് ബഹ്റ പറഞ്ഞു. അഞ്ചുവർഷം മുൻപ്  പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. നിലവിൽ അത്  1,25,000 ആയി ഉയർത്താൻ കഴിഞ്ഞത് നേട്ടമാണ്. 'മൈ മെട്രോ' ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

വാട്സാപ്പ് ടിക്കറ്റിങ്, ONDC സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ലളിതമാക്കി. വിദ്യാർത്ഥികൾ, സ്ഥിരം യാത്രക്കാർ എന്നിവർക്ക് ഇളവുകൾ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചു.വലുപ്പത്തിൽ ഏറ്റവും നീളം കുറഞ്ഞ മെട്രോ കൊച്ചിയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ റെയിൽ സംവിധാനം നമ്മുടേതാണ്. ലോകം  ശ്രദ്ധിക്കുന്നതാണ് കൊച്ചി മെട്രോ. രാജ്യത്തെ പ്രഥമ വാട്ടർ മെട്രോ വിജയകരമായി നടപ്പിലാക്കി

രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ 'കൊച്ചി വാട്ടർ മെട്രോ' പദ്ധതി വിജയകരമായി നടപ്പിലാക്കി.രാജ്യത്ത് 18 സ്ഥലങ്ങളിൽ വാട്ടർമെട്രോ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോയുടെ നേതൃത്വത്തിൽ ഫീസബിലിറ്റി പഠനം നടത്തി.  മുംബൈ, ഒഡീഷ തുടങ്ങി രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിന്റെ സാധ്യതകൾ പരിശോധിച്ചു വരുന്നു. ഭാവിയിൽ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ മെട്രോ വരണമെന്നാണ് ആഗ്രഹം. 

കഴിഞ്ഞ 4 വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം  ഉണ്ടാക്കാൻ കെ.എം.ആർ.എല്ലിനായി. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങൾ, ഓക്ഷൻ എന്നിവയിലൂടെ നേടാൻ സാധിച്ചു.

കൊച്ചി മെട്രോ റെയിലും ആയി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകളും സർവീസ് ആരംഭിച്ചു. കൊച്ചി നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ കാൽനടയാത്രക്കാർക്കായി അത്യാധുനിക ഫുട്പാത്തുകൾ നിർമിച്ചു. കനാൽ പുനരുദ്ധാരണ പദ്ധതി (IURWTS) വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡി.പി.ആർ (DPR) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം കൊച്ചി എയർപോർട്ട് വഴി കടന്നു പോകുന്നതിനുള്ള മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സർക്കാരിന്  കൈമാറി.  കൊച്ചി മെട്രോയുടെ  കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള  രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും.  നിലവിലുള്ള 25 ട്രെയിനുകളിൽ 16 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ള ട്രെയിനുകൾ രണ്ടാംഘട്ടത്തിലേക്ക് ഉപയോഗിക്കാൻ കഴിയും. മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിന് അനുമതിയുണ്ട്. എന്നാൽ  8 ട്രെയിനുകൾ ഒരുമിച്ച് വാങ്ങുന്നതാണ് കമ്പനിക്ക് ലാഭകരം. ഇതിനായി ഡയറക്ടർ ബോർഡിൻ്റെ അനുമതിക്ക് നൽകിയിട്ടുണ്ട്. 

കൊച്ചിയിലെ ജനങ്ങൾ, ജനപ്രതിനിധികൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, ജില്ലാ ഭരണകൂടം, കോർപറേഷൻ, മുൻസിപ്പാലിറ്റി, വിവിധ വകുപ്പുകൾ, മെട്രോയിലെ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരുടെ സഹകരണവും പിന്തുണയുമാണ് കൊച്ചി മെട്രോയെയും വാട്ടർ മെട്രോയെയും മുൻനിരയിൽ എത്തിക്കാൻ സഹായിച്ചത്.കൊച്ചി എന്നും തനിക്ക്  പ്രിയപ്പെട്ടതാണെന്നും തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ആയാണ് കൊച്ചിയിൽ ആദ്യം സേവനം ആരംഭിച്ചത്.  പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി നാലുവർഷം സേവനമനുഷ്ഠിച്ച കൊച്ചി തൻ്റെ ജീവിതത്തിൻ്റെ  ഭാഗമാണ്. കൊച്ചിയും കൊച്ചിക്കാരും മലയാളികളും എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img