
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 118 എംപിമാരുടെ ഒപ്പുകളോടുകൂടിയ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് കൈമാറി. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, കെ. സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവർ ചേർന്നാണ് നോട്ടീസ് സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള നീക്കം. സ്പീക്കർ പക്ഷപാതപരമായി പെരുമാറുകയാണെന്നും സഭയിൽ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അവസരം നിഷേധിക്കുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. ഇത് ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നതും എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതുമാണ് നടപടി സ്വീകരിക്കാൻ കാരണമായത്. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കുക, പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇന്ത്യ–യുഎസ് വ്യാപാര ചട്ടക്കൂടുമായി ബന്ധപ്പെട്ട് സഭയിൽ ചർച്ച നടത്തണമെന്ന ആവശ്യം ഉയർത്തിയതോടെയാണ് സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെട്ടത്.
മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഇന്ത്യ–ചൈന ബന്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചതിന് പിന്നാലെ ലോക്‌സഭയിൽ സ്തംഭനാവസ്ഥ രൂക്ഷമായി. ബഹളം കാരണം രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയാൻ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. പ്രശ്നപരിഹാരത്തിനായി സ്പീക്കർ രാഹുൽ ഗാന്ധി, അഭിഷേക് ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം ചില കോൺഗ്രസ് വനിതാ എംപിമാർ അനിഷ്ട സംഭവങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതായി സ്പീക്കർ ആരോപിച്ചു. എന്നാൽ പ്രതിപക്ഷം ഈ ആരോപണം നിഷേധിച്ചു. സഭയുടെ സുരക്ഷയും അന്തസ്സും സംബന്ധിച്ച് ലോക്‌സഭാ ഉദ്യോഗസ്ഥരും ആശങ്ക രേഖപ്പെടുത്തി.










