01:39am 13 June 2026
NEWS
കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആകും; മണ്ഡല പുനർനിർണയത്തിന് കേന്ദ്രത്തിന്റെ പുതിയ ഫോർമുല
12/06/2026  08:35 AM IST
nila
കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആകും; മണ്ഡല പുനർനിർണയത്തിന് കേന്ദ്രത്തിന്റെ പുതിയ ഫോർമുല

ന്യൂഡൽഹി: രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ സുപ്രധാന നിർദേശങ്ങൾ മുന്നോട്ടുവച്ചു. 170 വലിയ ലോക്‌സഭാ മണ്ഡലങ്ങളെ വിഭജിക്കണമെന്നാണ് ശുപാർശ. സാമ്പത്തിക ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ 59 മണ്ഡലങ്ങൾ രണ്ടായി വിഭജിക്കാനും 111 മണ്ഡലങ്ങൾ മൂന്നായി വിഭജിക്കാനുമാണ് നിർദേശം. ഇതിലൂടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഗണ്യമായി വർധിക്കും.

നിർദേശം നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം നിലവിലെ 20ൽ നിന്ന് 30 ആയി ഉയരും. തമിഴ്‌നാട്ടിൽ 39ൽ നിന്ന് 59 ആയും, കർണാടകയിൽ 28ൽ നിന്ന് 42 ആയും, ആന്ധ്രാപ്രദേശിൽ 25ൽ നിന്ന് 38 ആയും, തെലങ്കാനയിൽ 17ൽ നിന്ന് 28 ആയും സീറ്റുകൾ വർധിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അതേസമയം, ഉത്തർപ്രദേശിലെ സീറ്റുകൾ 80ൽ നിന്ന് 120 ആയും മഹാരാഷ്ട്രയിലെ സീറ്റുകൾ 48ൽ നിന്ന് 72 ആയും ഉയരാൻ സാധ്യതയുണ്ട്.

ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രതിനിധാനത്തിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാതൃക നിർദേശിച്ചിരിക്കുന്നത്. വലിയ മണ്ഡലങ്ങളെ വിഭജിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും സമതുലിതമായ പ്രതിനിധാനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ രാഷ്ട്രീയ പിന്തുണയുടെ അഭാവം കാരണം മുൻകാലങ്ങളിൽ മണ്ഡല പുനർനിർണയ ശ്രമങ്ങൾ മുന്നോട്ട് പോയിരുന്നില്ല. എന്നാൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിഷയം വീണ്ടും ചർച്ചയാകാനിരിക്കെ പുറത്തുവന്ന ഈ റിപ്പോർട്ട് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img