
കോട്ടയം: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ തെരുവുനായയുടെ ചികിത്സയ്ക്കായി കൈകോർത്തിരിക്കുകയാണ് ഒരു നാട്. വാഴൂർ തീർത്ഥപാദപുരത്തെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട അഫ്രു എന്ന തെരുവുനായയുടെ ചികിത്സാ ചെലവുകളും തുടർപരിചരണവും ഏറ്റെടുത്ത് മാതൃകയാവുകയാണ് പ്രദേശവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളും.
രണ്ടുവർഷം മുമ്പാണ് ഈ നായക്കുട്ടി തീർത്ഥപാദപുരം കവലയിൽ എത്തിയത്. വീട്ടുകാർ ഉപേക്ഷിച്ചതാണോ അതോ എവിടെ നിന്നെങ്കിലും വഴിതെറ്റി വന്നതാണോ എന്ന് നാട്ടുകാർക്ക് ഇപ്പോഴും അറിയില്ല. എന്നാൽ, വളരെ പെട്ടെന്ന് തന്നെ ഈ നായക്കുട്ടി നാട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അടുപ്പം സ്ഥാപിക്കുന്നവരുടെ വീടുകളിലെ നിത്യ സന്ദർശകനായി. വീട്ടുകാർ അവന് ഇഷ്ടമുള്ള ഭക്ഷണവുമായി കാത്തിരുന്ന് തുടങ്ങി. കാലക്രമേണ അടുപ്പക്കാരുടെ സ്കൂട്ടറിലും ഓട്ടോയിലുമൊക്കെ സവാരി ചെയ്യാനും തുടങ്ങി. ആരുമായും ഒന്നുമായും ഒരു പ്രശ്നവുമുണ്ടാക്കാത്ത അഫ്രുവിന് ഇഷ്ടമില്ലാത്ത ഒരേയൊരു കാര്യം വലിയ ശബ്ദമുണ്ടാക്കി പായുന്ന ബൈക്കുകളായിരുന്നു. ആ ഇഷ്ടക്കേടാണ് അവന്റെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമായതും.
ഒരുമാസം മുമ്പ് കവലയിലെ കടത്തിണ്ണയിൽ അഫ്രു കിടക്കുമ്പോഴാണ് വലിയ ശബ്ദമുണ്ടാക്കി ഒരു ബൈക്ക് പാഞ്ഞുപോയത്. അഫ്രു കുരച്ചുകൊണ്ട് അതിനു പിന്നാലെ ഓടി. കുറച്ച് ദൂരം ഒടിക്കഴിഞ്ഞ് മടങ്ങി വരവേ നല്ല വേഗതയിൽ എത്തിയ ഒരു കാറിനടിയിൽ അഫ്രു പെട്ടുപോകുകയായിരുന്നു.
കാറിടിച്ചുണ്ടായ അപകടത്തിൽ അഫ്രുവിന്റെ കാലുകൾക്കും ഇടുപ്പെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെത്തുടർന്ന് അവശനിലയിലായ നായയെ വഴിയിൽ ഉപേക്ഷിക്കാൻ നാട്ടുകാർ തയാറായില്ല. അഫ്രുവിനെ രക്ഷിക്കാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനുമായി പ്രദേശത്തെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ഒരുമിച്ച് രംഗത്തിറങ്ങുകയായിരുന്നു.
എല്ലുകൾക്ക് സാരമായ പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയും തുടർപരിചരണവും ആവശ്യമാണ്. ചികിത്സയ്ക്കൊപ്പം അഫ്രുവിന് വീണ്ടും സ്വന്തം കാലിൽ നടക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെ ഫിസിയോതെറാപ്പിയും നാട്ടുകാരുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്.
പരിക്കേറ്റ ഒരു തെരുവുനായയെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കരുതി പരിചരിക്കുകയാണ് തീർത്ഥപാദപുരത്തുകാർ. മനുഷ്യരോടുള്ള സ്നേഹം വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലൂടെയും പ്രകടിപ്പിക്കാമെന്ന് തെളിയിക്കുകയാണ് അഫ്രുവിനായി കൈകോർത്ത ഈ നാട്ടുകൂട്ടം.





