10:03am 06 September 2026
NEWS
‘വീട്ടിൽ കിടന്നുറങ്ങാനാകുന്നില്ല’; പവർ കട്ടിനെതിരെ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
06/09/2026  06:51 AM IST
nila
‘വീട്ടിൽ കിടന്നുറങ്ങാനാകുന്നില്ല’; പവർ കട്ടിനെതിരെ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

വൈറ്റില: നാലുദിവസമായി തുടരുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് വൈറ്റിലയിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ശനിയാഴ്ച രാത്രിയാണ് വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കൂട്ടമായി ഓഫീസിലെത്തിയത്. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുന്നതിനാൽ വീടുകളിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.

പ്രതിഷേധം അറിഞ്ഞ് കൂടുതൽ പേർ സ്ഥലത്തെത്തിയതോടെ കെഎസ്ഇബി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. വിവരമറിഞ്ഞ് മരട് പൊലീസ് സ്ഥലത്തെത്തി. കൗൺസിലർ അനു തങ്കച്ചനും നാട്ടുകാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസും കെഎസ്ഇബി ജീവനക്കാരും ഇടപെട്ടതിനു പിന്നാലെ അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി. വൈദ്യുതി മുടക്കത്തിന്റെ കാരണം അധികൃതർ നാട്ടുകാരെ അറിയിച്ചു.

തൈക്കൂടം സബ്‌സ്റ്റേഷനിൽ പാനൽ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ മറ്റ് ഫീഡറുകളിൽനിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. എന്നാൽ ലോഡ് വർധിക്കുന്ന സമയത്ത് ഈ ഫീഡറുകൾക്ക് ആവശ്യമായ വൈദ്യുതി നൽകാൻ കഴിയാതെ വരുന്നതാണ് ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കത്തിന് കാരണമാകുന്നത്.

വൈറ്റിലയിലെ 44, 48 ഡിവിഷനുകളിലാണ് നിലവിൽ പ്രധാനമായും പ്രതിസന്ധി അനുഭവപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പാനൽ ബോർഡ് മാറ്റിസ്ഥാപിക്കൽ ജോലികൾ അടുത്ത തിങ്കളാഴ്ചയോടെ മാത്രമേ പൂർത്തിയാകൂ.

ആവശ്യമായ സ്ഥലങ്ങളിൽ ആവശ്യത്തിന് വൈദ്യുതി എത്തിക്കാൻ മതിയായ ബദൽ സംവിധാനമില്ലാത്തതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ ഉൾപ്പെടെയുള്ള മറ്റ് ഫീഡറുകളിൽനിന്ന് വൈദ്യുതി ബന്ധം ക്രമീകരിച്ചാണ് താൽക്കാലികമായി പ്രശ്നത്തിന് പരിഹാരം കണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img