
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാർഷികകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെവിപണമേളയ്ക്ക്
തുടക്കമായി.
അൽ ഖോർ, അൽ തഖിറ, അൽ വഖ്റ, അൽ ശമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് സീസണൽ കാർഷിക ഉത്പന്ന വിപണികൾ പ്രവർത്തിക്കുക. വർഷം മുഴുവൻ പ്രവർത്തിക്കുന്ന അൽ മസ്റൂഅ വിപണിയും തുടരും.
കർഷകരും ഉപഭോക്താക്കളും നേരിട്ട് ബന്ധപ്പെടാനുള്ള വിൽപ്പന മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിപണന മേള സംഘടിപ്പിക്കുന്നത്. 100-ലധികം ഖത്തറി ഫാമുകൾ പങ്കെടുക്കുന്ന വിപണികൾ
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 7 മുതൽ 3 വരെ പ്രവർത്തിക്കും.
ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിനും ഖത്തർ നാഷണൽ വിഷൻ 2030-നും അനുസൃതമായി, പ്രാദേശിക കാർഷിക ഉൽപ്പാദനത്തെ ശക്തിപ്പെടുത്താനും സ്ഥിരതയാർജ്ജിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
തേൻ, ഈന്തപ്പഴം, പച്ചക്കറികൾ, സീസണൽ ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കാർഷിക ഉൽപ്പന്നങ്ങൾ വിപണികളിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗുണനിലവാര പരിശോധനയ്ക്കായി പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്വയംപര്യാപ്തത ലക്ഷ്യമാക്കുകയും ചെയ്യുന്ന ഖത്തറിന്റെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമാണ് ഈ സംരംഭം.
ചെറിയ കാർഷിക സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായ ഈ വിപണികൾക്ക് പൊതുജനങ്ങളുടെ വ്യാപക പിന്തുണ പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു.











