
കൊച്ചി/ യോസു: റിപ്പബ്ലിക് ഓഫ് കൊറിയയിലെ യോസു നഗരത്തിൽ സംഘടിപ്പിച്ച 'വേൾഡ് ക്ലൈമറ്റ് സിറ്റീസ് ഫോറം 2026' (World Climate Cities Forum) സമാപിച്ചു. ഏപ്രിൽ 21, 22 തീയതികളിൽ നടന്ന അന്താരാഷ്ട്ര ഫോറത്തിൽ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് മേയർ അഡ്വ. മിനിമോൾ വി. കെ. മുഖ്യ പ്രഭാഷകയായി പങ്കെടുത്തു.
‘കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പ്രാദേശികാടിസ്ഥാനത്തിലുള്ള ഹരിത പരിവർത്തനം (Locally Led Green Transformation) എന്ന ലക്ഷ്യം നാം മുൻനിർത്തേണ്ടതുണ്ട്. ഹരിത പരിവർത്തനത്തിനായുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുമ്പോൾ പൊതുനയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം, സിവിൽ സമൂഹത്തിന്റെ സജീവ ഇടപെടൽ എന്നിവയുടെ സംയോജനം അത്യന്താപേക്ഷിതമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആഗോള കാലാവസ്ഥാ അജണ്ടകൾ നടപ്പിലാക്കുന്നതിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് കൊച്ചിയിലെ അനുഭവങ്ങൾ തെളിയിക്കുന്നു’ - സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മേയർ പറഞ്ഞു.
കാർബൺ വിമുക്തമായ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളിൽ കൊച്ചി നഗരസഭ നടപ്പിലാക്കുന്ന മികച്ച മാതൃകകൾ മേയർ ഫോറത്തിൽ പങ്കുവെച്ചു. വിദേശ രാജ്യങ്ങളിലെ നഗരങ്ങളിലെ ഭരണാധികാരികളുമായും അന്താരാഷ്ട്ര വിദഗ്ധരുമായും കാലാവസ്ഥാ അതിജീവന പദ്ധതികളെക്കുറിച്ച് മേയർ വിശദമായ ചർച്ചകൾ നടത്തി.
യോസു നഗരസഭ, ഇക്ലെ കൊറിയ (ICLEI Korea) എന്നിവർ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇക്ലെ സൗത്ത് ഏഷ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മേയർ ഈ സമ്മേളനത്തിൽ പങ്കെടുത്തത്.
Photo Courtesy - Google









