04:33am 07 November 2026
NEWS
തദ്ദേശ തിരഞ്ഞെടുപ്പ്: കൂടുതൽ സീറ്റിനായി മാണി ഗ്രൂപ്പിന്റെ സമ്മർദ്ദ തന്ത്രം
28/06/2025  09:33 AM IST
സുരേഷ് വണ്ടന്നൂർ
തദ്ദേശ തിരഞ്ഞെടുപ്പ്: കൂടുതൽ സീറ്റിനായി മാണി ഗ്രൂപ്പിന്റെ സമ്മർദ്ദ തന്ത്രം

കേരള കോൺഗ്രസ് (എം) തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുന്നതിനായി ഇടതുമുന്നണിയിൽ സമ്മർദ്ദം ചെലുത്തുന്നു. നിലവിൽ തങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾക്ക് അർഹതയും സ്വാധീനവും ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ തങ്ങൾക്കിപ്പോൾ കഴിവുണ്ടെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി, ജില്ലാ തലത്തിൽ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ചകൾ നടത്തി കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ ലഭിക്കേണ്ട സീറ്റുകളുടെ ഒരു ലിസ്റ്റും യോഗത്തിൽ ചർച്ച ചെയ്തു.

വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് പ്രത്യേക ചുമതലകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം അജണ്ടയിൽ ഉണ്ടായിരുന്നിട്ടും, സി.പി.എമ്മിനെതിരെ വിമർശനങ്ങൾ ഒഴിവാക്കാൻ ചെയർമാൻ ജോസ് കെ. മാണി പ്രത്യേകം ശ്രദ്ധിച്ചു. നിലമ്പൂരിലെ ജനവിധി യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമായി കാണുന്നില്ലെന്നും, ഇത് ഇടതുമുന്നണിയുടെ തുടർഭരണ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി റോഷി അഗസ്റ്റിൻ, വൈസ് ചെയർമാൻമാരായ ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാർട്ടി എം.എൽ.എമാർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
യു.ഡി.എഫ് ക്ഷണം ആത്മവിശ്വാസമില്ലായ്മയുടെ സൂചന

യു.ഡി.എഫ് നേതാക്കളുടെ മുന്നണി വിപുലീകരണ പ്രസ്താവനകളെ ജോസ് കെ. മാണി തള്ളിക്കളഞ്ഞു. ഇത് അവരുടെ ആത്മവിശ്വാസമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അപമാനിച്ച് പുറത്താക്കിയ തങ്ങൾക്ക് ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

കർഷക പ്രശ്‌നങ്ങളിലും മലയോര ജനതയുടെ ആവശ്യങ്ങളിലും അടിയന്തര പരിഹാരം കാണുന്നതിന് പാർട്ടി ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. ഈ സമിതിയുടെ റിപ്പോർട്ട് ഇടതുമുന്നണി നേതൃത്വത്തിന് കൈമാറാനാണ് തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img