
ദോഹ: ഖത്തറിലെ പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ കാർഷിക പാരമ്പര്യം ആഘോഷിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന പ്രാദേശിക ഈന്തപ്പഴ മേളയ്ക്ക് (Local Dates Festival) ജൂലൈ 25-ന് തുടക്കമാകും. നഗരസഭാ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖത്തറിലെ തോട്ടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മികച്ചയിനം റുതബ് (Rutab) ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യും.
ഞായർ മുതൽ വ്യാഴം വരെ: വൈകുന്നേരം 4:00 മുതൽ രാത്രി 9:00 വരെയും
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെയുമാണ് സന്ദർശനസമയം.
സന്ദർശകർക്ക് വിവിധതരം പ്രാദേശിക ഈന്തപ്പഴ ഇനങ്ങൾ പരിചയപ്പെടാനും, കർഷകരുമായി നേരിട്ട് സംവദിക്കാനും, ഖത്തറിന്റെ പാരമ്പര്യ കൃഷിരീതികളെക്കുറിച്ച് അറിയാനും മേള അവസരമൊരുക്കുന്നു.











