05:38am 12 November 2026
NEWS
തദ്ദേശ തിരഞ്ഞെടുപ്പ്: സി.പി.എമ്മിന് കനത്ത തിരിച്ചടി; മുഖം നഷ്ടപ്പെട്ട് പാർട്ടി; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ ആശങ്ക:
14/12/2025  04:18 PM IST
സുരേഷ് വണ്ടന്നൂർ
തദ്ദേശ തിരഞ്ഞെടുപ്പ്: സി.പി.എമ്മിന് കനത്ത തിരിച്ചടി; മുഖം നഷ്ടപ്പെട്ട് പാർട്ടി; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ ആശങ്ക:


​തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ സി.പി.എം. മുഖം നഷ്ടപ്പെട്ട അവസ്ഥയിൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് ഏറ്റ ഈ പ്രഹരം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും പരാജയത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
​കോർപ്പറേഷനുകൾ കൈവിട്ടു
​കഴിഞ്ഞ തവണ ഭരിച്ച ആറ് കോർപ്പറേഷനുകളിൽ കോഴിക്കോട് ഒഴികെ ബാക്കി അഞ്ചും സി.പി.എമ്മിന് നഷ്ടമായി.
​തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ നിർണായക ജില്ലകളിലെ കോർപ്പറേഷനുകളിലെ അപ്രതീക്ഷിത തോൽവി നേതൃത്വത്തെ ഞെട്ടിച്ചു.
​കൊച്ചി, തൃശൂർ കോർപ്പറേഷനുകളും കൈവിട്ടുപോയി.
​ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരസഭയിൽ എൻ.ഡി.എ മുന്നേറ്റം നടത്തിയതും ദേശീയതലത്തിൽ ശ്രദ്ധനേടിയതും സി.പി.എമ്മിന് ഇരട്ട പ്രഹരമായി.
​ ത്രിതല പഞ്ചായത്തിലും വൻ നഷ്ടം
​ഗ്രാമതലത്തിലും പാർട്ടിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്:
​പഞ്ചായത്തുകൾ: കഴിഞ്ഞ തവണ ഭരിച്ച 514 പഞ്ചായത്തുകൾ ഇത്തവണ 341 ആയി കുറഞ്ഞു.
​ബ്ലോക്കുകൾ: 108 ബ്ലോക്കുകൾ ഭരിച്ചിരുന്നതിൽ 63 എണ്ണമേ നിലനിറുത്താനായുള്ളൂ.
​ജില്ലാ പഞ്ചായത്തുകൾ: കൈയിലുണ്ടായിരുന്ന 11 ജില്ലാ പഞ്ചായത്തുകൾ ഏഴെണ്ണമായി ചുരുങ്ങി.


ശാപ്പാടടിച്ചിട്ട് നമുക്കിട്ട് വച്ചു': എം.എം. മണി
​ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനും വോട്ട് ലഭിച്ചില്ലെന്നതിലെ അമർഷം സി.പി.എം. നേതാവ് എം.എം. മണി എം.എൽ.എയുടെ പ്രതികരണത്തിൽ പ്രകടമായി.
​"നല്ല ഒന്നാന്തരം പെൻഷൻ വാങ്ങിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച് ശേഷം നല്ല ഭംഗിയായി നമുക്കിട്ട് വച്ചു," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
​വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ എൽ.ഡി.എഫ് പരാജയപ്പെടേണ്ടതല്ലെന്നും, ജനങ്ങൾ എൽ.ഡി.എഫിനോട് നന്ദി കാണിച്ചില്ലെന്നും മണി കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ളവരെയാണ് ജനങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


​തോൽവിയുടെ കണക്കുകൾ മണിയുടെ തട്ടകത്തിലും: 


മണിയുടെ സ്വന്തം നാടായ രാജാക്കാട് പഞ്ചായത്തിൽ 13 വാർഡിൽ 10 വാർഡും യു.ഡി.എഫ് പിടിച്ചെടുത്തു. ഉടുമ്പൻചോല മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ആറിടത്തും യു.ഡി.എഫ് ഭരണമാണ് വരുന്നത്.

​ തിരിച്ചടിക്ക് കാരണം:

 പാർട്ടിക്കുള്ളിൽ വിമർശനം
​സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിലും പ്രചാരണത്തിലുമുണ്ടായ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന ആരോപണം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നിട്ടുണ്ട്. വർധിപ്പിച്ച ക്ഷേമപെൻഷൻ ജനപിന്തുണ നൽകുമെന്ന സർക്കാർ പ്രതീക്ഷയും, ബി.ജെ.പിയുടെ വർഗീയത, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ് എന്നിവ ഉയർത്തിയുള്ള പ്രചാരണവും വേണ്ടത്ര വിജയം കണ്ടില്ല. തോൽവിയുടെ കാരണം പാർട്ടി വിശദമായി അന്വേഷിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img