02:47pm 13 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താൽപര്യങ്ങൾ വിലപ്പോകില്ല മുഹമ്മദ്‌ ഷിയാസ്
23/11/2025  10:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം,  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താൽപര്യങ്ങൾ വിലപ്പോകില്ല മുഹമ്മദ്‌ ഷിയാസ്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന് ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്. വലിയ ഭൂരിപക്ഷത്തോടെ ഭൂരിഭാഗം തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തും. കഴിഞ്ഞതവണ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകളിൽ ഈ തവണ വിജയിക്കുവാൻ കഴിയും.  മലയോര മേഖലകളുമായി ബന്ധപ്പെട്ട് വന്യജീവി അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയാണ്. അത്തരം വിഷയങ്ങൾ ഒന്നും തന്നെ പരിഹരിക്കുവാൻ കഴിയാത്തത് സർക്കാരിനെതിരായ ജനവികാരം ആ പ്രദേശങ്ങളിൽ ഉയർന്നു വരുന്നതിന് വഴിയൊരുക്കി. ഇത് യുഡിഎഫിന് അനുകൂലമായ സാഹചര്യമുണ്ടാക്കും. സാധാരണ ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ യുഡിഎഫിൽ ആണ്. തീരദേശ മേഖലകളിലും കടൽ മണൽ ഖനനം പോലെയുള്ള വിഷയങ്ങളിലും, തീരദേശ റോഡ് പോലെയുള്ള വിഷയങ്ങളിലെ അവ്യക്തതയും ആ പ്രദേശത്തെ ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്കകൾ ചെറുതല്ല. കടൽ കയറ്റവും ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ പോലും മാറുന്ന നിലയിലേക്കുള്ള പ്രതിസന്ധികളും ജനം കൃത്യമായി വിലയിരുത്തുന്നുണ്ട്. 

കഴിഞ്ഞ 10 വർഷത്തെ കാലത്തെ സർക്കാരുകൾ  എറണാകുളം ജില്ലയോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. എറണാകുളത്തിന് ആവശ്യമായ യാതൊരു പദ്ധതികളും കൊണ്ടുവരുവാനുള്ള നീക്കം സർക്കാർ നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. പശ്ചിമ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള മെട്രോയുടെ തുടർപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള പരിഹാരങ്ങളും ആയിട്ടില്ല. മഴപെയ്താൽ നഗരം മുഴുവനും വെള്ളക്കെട്ടിൽ ആകുന്ന സാഹചര്യത്തിൽ നിന്നും കൊച്ചിക്ക് ഇതുവരെയും ശാപമോഷം ലഭിച്ചിട്ടില്ല. കൊച്ചിയുടെ തീരാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് യാതൊരു വിധത്തിലുള്ള പദ്ധതിയും കൊച്ചി കോർപ്പറേഷനോ സംസ്ഥാന സർക്കാരോ നടപ്പാക്കിയിട്ടില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കിയെങ്കിലും കോടിക്കണക്കിന് രൂപ നഷ്ടമായെന്ന് അല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായില്ല. ഈ വിഷയങ്ങൾ എല്ലാം തന്നെ ഈ തെരഞ്ഞെടുപ്പിൽ കൃത്യമായി പൊതുസമൂഹം ചർച്ച ചെയ്യും. 

തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രവർത്തികൾ പൂർത്തീകരിക്കപ്പെടുമ്പോൾ ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ മുതലെടുപ്പ് സമീപനങ്ങൾ എല്ലാവരും കണ്ടതാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി എൽസി ജോർജിന്റെ പത്രിക തള്ളിയത് അതിന്റെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ തന്നെയായിരുന്നു പിന്താങ്ങിയ ആളുടെ വോട്ടർപട്ടിക പരിശോധിച്ചു ഉറപ്പുവരുത്തിയത്. എന്നിട്ടും പിന്നീട് സ്ഥാനാർത്ഥിക്കും ഒപ്പമുള്ളവർക്കും സംശയം തോന്നി പുതിയ പത്രിക സമർപ്പിക്കാൻ  കളക്ടറുടെ മുറിക്ക് ഉള്ളിലേക്ക് അവരെ കയറ്റി വിടാതെ പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. അവിടെ നടന്ന കാര്യങ്ങളുടെ എല്ലാം വ്യക്തത സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടാകും. ഈ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് വരണാധികാരിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. സ്ഥാനാർത്ഥിയുടെ ജനാധിപത്യ അവകാശത്തെ ബോധപൂർവ്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരാണ് അട്ടിമറിച്ചത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പാർട്ടി നേരിടും. 

ആലങ്ങാട്  ബ്ലോക്ക് പഞ്ചായത്തിലെ മനയക്കപ്പടി  ഡിവിഷനിൽ ഷെറീന എന്ന സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയുണ്ടായി. ഈ പത്രിക തള്ളിയതിൽ മന്ത്രി പി രാജീവിന്റെ ഇടപെടൽ ഉണ്ടെന്നത് വ്യക്തമാണ്. വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യ വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ട്. അവർ സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരി അല്ല. ഖാദി യൂണിറ്റിൽ നിസ്സാര ജോലികളിൽ ഏർപ്പെട്ടത് ചൂണ്ടിക്കാട്ടി സിപിഎം നൽകിയ പരാതി മറ്റുവശങ്ങൾ കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിഗണിച്ചത്. സിപിഎം പറയുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പലയിടത്തും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ഉത്തരവാദിത്തപ്പെട്ട തെരഞ്ഞെടുപ്പ് ചുമതല വഹിക്കുമ്പോൾ ഉദ്യോഗസ്ഥർ രാഷ്ട്രീയം വെച്ച് പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img