
തിരുവനന്തപുരം: സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യുഡിഎഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം നഷ്ടമായി. 22 സിറ്റിങ് സീറ്റുകളുമായി മത്സരിച്ച യുഡിഎഫിന് 19 സീറ്റുകളാണ് നിലനിർത്താനായത്. അതേസമയം 15 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് 18 സീറ്റായി ഉയർത്തി. ഒരു സീറ്റ് ട്വന്റി20യും സ്വന്തമാക്കി.
യുഡിഎഫ് വിജയിച്ച പല സീറ്റുകളിലും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടതും മുന്നണിക്കുള്ളിലെ തർക്കങ്ങൾ ചർച്ചയായതും ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ശ്രദ്ധേയമായി.
തിരുവനന്തപുരം ജില്ലയിലാണ് യുഡിഎഫിന് പ്രധാന തിരിച്ചടി നേരിട്ടത്. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന് കീഴിലെ മംഗലപുരം മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തു. അഞ്ചുതെങ്ങ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് വാർഡും എൽഡിഎഫ് സ്വന്തമാക്കി. ഇതോടെ മംഗലപുരം പഞ്ചായത്തിൽ എൽഡിഎഫിന് ഒറ്റയ്ക്ക് ഭരണം നടത്താനുള്ള ഭൂരിപക്ഷം ലഭിച്ചു.
ചിറ്റൂരിലും യുഡിഎഫിന് തിരിച്ചടി
പാലക്കാട് ജില്ലയിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. ഇവിടെ എൽഡിഎഫ് രണ്ട് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. സുമേഷ് അച്യുതൻ എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന ചിറ്റൂർ പരുത്തിക്കാവ് വാർഡ് എൽഡിഎഫ് സ്വന്തമാക്കി. ഇരുവിഭാഗവും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് വിജയം ലഭിച്ചത്.
ചിറ്റൂരിലെ തോൽവി അപ്രതീക്ഷിതമാണെന്നും കാരണം പരിശോധിക്കുമെന്നും സുമേഷ് അച്യുതൻ പ്രതികരിച്ചു. ആലത്തൂരിലും എൽഡിഎഫ് വിജയിച്ചു. അതേസമയം ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോർണർ വാർഡ് 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി പി. ഗിരീശൻ പിടിച്ചെടുത്തു.
തഹ്‌ലിയയുടെയും ഉഷ വിജയന്റെയും സീറ്റുകളിൽ ഭൂരിപക്ഷം കുറഞ്ഞു
എംഎൽഎമാരായ ഫാത്തിമ തഹ്‌ലിയ, ഉഷ വിജയൻ എന്നിവർ ഒഴിഞ്ഞ സീറ്റുകൾ യുഡിഎഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യുഡിഎഫ് നിലനിർത്തി. എന്നാൽ കഴിഞ്ഞ തവണ ഉഷ വിജയൻ നേടിയ 1055 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 331 വോട്ടായി കുറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിലും സമാനമായ സ്ഥിതിയാണ്. മുസ്‌ലിം ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് വിജയിച്ചെങ്കിലും കഴിഞ്ഞ തവണ ഫാത്തിമ തഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ലീഡ് കുത്തനെ കുറഞ്ഞു.
അതേസമയം കോഴിക്കോട് മുട്ടം പഞ്ചായത്തിലെ ഒൻപതാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫിന് നേട്ടം
എല്ലാ ജില്ലകളിലും ഒരേ തരത്തിലുള്ള തിരിച്ചടിയല്ല യുഡിഎഫിന് നേരിട്ടത്. തൃശൂർ, പത്തനംതിട്ട ജില്ലകളിൽ മുന്നണി മികച്ച പ്രകടനം കാഴ്ചവച്ചു.
തൃശൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ മൂന്നിലും യുഡിഎഫ് വിജയിച്ചു. ചേലക്കര കുറുമല വാർഡ് 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ 13 സീറ്റുകളുമായി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷമായി.
ചാലക്കുടി നഗരസഭയിലെ 24-ാം വാർഡും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനും യുഡിഎഫ് നിലനിർത്തി.
പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. കുറ്റൂർ ഓതറ, കുന്നന്താനം വള്ളോകുന്ന്, റാന്നി ബ്ലോക്ക്പടി, അരുവാപ്പുലം കല്ലേലി വാർഡുകളിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. കുന്നന്താനം വാർഡ് രണ്ട് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യുഡിഎഫിന് ലഭിച്ചു.
എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി
എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ മുന്നണികൾ തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനും വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡും യുഡിഎഫ് നിലനിർത്തി. പാറക്കടവ് പുളിയനം വാർഡിൽ എൽഡിഎഫ് വിജയിച്ചു.
പൂതൃക്കയിൽ ട്വന്റി20 വിജയിച്ചതോടെ പഞ്ചായത്തിലെ കോൺഗ്രസ്–ട്വന്റി20 കക്ഷിനില ഏഴ് വീതമായി.
മലപ്പുറം ജില്ലയിൽ വേങ്ങര, താനാളൂർ വാർഡുകൾ യുഡിഎഫും മങ്കട, കാലടി വാർഡുകൾ എൽഡിഎഫും നിലനിർത്തി. കാലടി 12-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
വടക്കൻ പറവൂർ വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് കുനിയന്തോടത്ത് 140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് സീറ്റ് നിലനിർത്തി.
അതേസമയം കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം സ്ഥാനാർഥി സണ്ണി വർഗീസ് 66 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. കണ്ണൂർ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡും യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്വന്തമാക്കി.










