
ദോഹ: ഖത്തർ നഗരസഭ മന്ത്രാലയത്തിന് കീഴിലുള്ള പ്രാദേശിക കാർഷിക ഉൽപ്പന്ന വിപണന കേന്ദ്രങ്ങൾ (യീൽഡ്‌സ്) വീണ്ടും പ്രവർത്തനം ആരംഭിച്ചു. കാർഷിക കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വിപണികളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സലാൽ സെൻട്രൽ മാർക്കറ്റ്എല്ലാ ദിവസവും പ്രവർത്തിക്കും.അൽ വക്ര, അൽ ഖോർ, അൽ ദഖീറ, അൽ ഷഹാനിയ, അൽ ഷമാൽ: ഈ കേന്ദ്രങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം (വ്യാഴം, വെള്ളി, ശനി) മാത്രമാണ് പ്രവർത്തിക്കുക.രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 3:00 വരെയാണ് പ്രവർത്തനസമയം.2012-ൽ വെറും 24 ഫാമുകളുമായി തുടങ്ങിയ ഈ സംരംഭം ഇന്ന് വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024/2025 സീസണായപ്പോഴേക്കും പങ്കാളികളായ ഫാമുകളുടെ എണ്ണം 166 ആയി ഉയർന്നു. ഏകദേശം 10,679 ടൺ ഉൽപ്പന്നങ്ങളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. ഇത് രാജ്യത്തെ ആകെ പ്രാദേശിക ഉൽപ്പാദനത്തിന്റെ 12 ശതമാനത്തോളം വരും.
കർഷകർക്ക് അർഹമായ ലാഭം ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഫ്രഷ് ഉൽപ്പന്നങ്ങൾ എത്തിക്കാനും ഈ വിപണികൾ സഹായിക്കുന്നു. വിപണന കേന്ദ്രങ്ങളിൽ കർഷകർക്ക് സൗജന്യമായി സ്ഥലം അനുവദിക്കുന്നതിന് പുറമെ വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, പാക്കിംഗ് ബോക്സുകൾ എന്നിവ മന്ത്രാലയം നൽകുന്നുണ്ട്.കൂടാതെ "ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഡക്റ്റ്" (Distinguished Product), "ഖത്തർ ഫാംസ്" (Qatar Farms) എന്നീ പദ്ധതികളിലൂടെ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും നാടൻ ഉൽപ്പന്നങ്ങൾ എത്തിക്കുന്നു. ഹസാദ് ഫുഡിന് കീഴിലുള്ള 'മഹാസീൽ' കമ്പനിയുമായുള്ള സഹകരണം വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഖത്തറിലെ പ്രാദേശിക കാർഷിക ഉൽപ്പാദനത്തിന്റെ 65 ശതമാനവും ഇത്തരം വിവിധ വിപണന പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിറ്റഴിക്കുന്നത്. ഇത് വിപണിയിൽ വില സ്ഥിരത ഉറപ്പാക്കാനും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.











