
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കുപ്വാരയിലെ മച്ചിൽ, ദുദ്‌നിയാൽ സെക്ടറുകളിലായി നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാനാണ് ഭീകരർ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മച്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതിനു പിന്നാലെ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
'നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ സൈന്യം തടഞ്ഞതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്,' -് സേനാ വൃത്തങ്ങൾ അറിയിച്ചു. 'ജമ്മു കശ്മീരിലെ കുപ്വാര സെക്ടറിൽ, വൈകുന്നേരം ഏഴുമണിയോടെ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യം അതിനെതിരെ വെടിയുതിർത്തു. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.











