
സാധാരണ ദിവസങ്ങളിൽ അമേരിക്കൻ സൈനിക കപ്പലുകളിലെ ഭക്ഷണം ലളിതമായിരിക്കും. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, പെട്ടെന്നൊരു ദിവസം മേശപ്പുറത്ത് സ്റ്റെയ്ക്കും കൊഞ്ചും പോലുള്ള വിലകൂടിയ വിഭവങ്ങൾ പ്രത്യക്ഷപ്പെടും. കേൾക്കുമ്പോൾ ആഘോഷം പോലെ തോന്നുമെങ്കിലും, അമേരിക്കൻ സായുധ സേനകളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കിത് ഒരു മുന്നറിയിപ്പാണ്. വലിയ സൈനിക നീക്കങ്ങളോ യുദ്ധപ്രഖ്യാപനമോ അടുത്തിരിക്കുമ്പോൾ നൽകുന്ന ഈ പ്രത്യേക വിരുന്ന്, ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത ഒരു “സിഗ്നൽ” ആയി സൈനിക ലോകത്ത് വിലയിരുത്തപ്പെടുന്നു. അപകടകരമായ ദൗത്യത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്, സൈനികർക്കുള്ള മാനസിക തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരം വിരുന്നുകൾ നൽകുന്നതെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു.
രാജ്യത്തിന്റെ നന്ദിയും ആദരവുമാണ് ഈ ഭക്ഷണത്തിലൂടെ സൈനികർക്കു കൈമാറുന്നത് എന്നതാണ് ഒരു വിശദീകരണം. “നിങ്ങൾ രാജ്യത്തിന് വിലപ്പെട്ടവരാണ്” എന്ന സന്ദേശമാണത്രെ ഇത്തരം വിഭവസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലൂടെ ഭരണകൂടം നൽകുന്നത്. അതേസമയം, നല്ല ഭക്ഷണം ആത്മവിശ്വാസം വർധിപ്പിക്കുകയും, കടുത്ത സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക ശക്തി നൽകുകയും ചെയ്യുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു.
സൈക്കോളജിക്കൽ സന്ദേശവും ‘പവർ ഷോ’യും
ഇത് സൈനികർക്കുള്ള സന്ദേശം മാത്രമല്ല, ശത്രുരാജ്യങ്ങളിലേക്കുള്ള ഒരു മാനസിക നീക്കവുമാണ്. “ആഘോഷപൂർവ്വം ഞങ്ങൾ വരുന്നു” എന്ന സൂചന നൽകുന്ന ഇത്തരം വാർത്തകൾ എതിർ പാളയങ്ങളിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. സാധാരണ ഭക്ഷണം മാറ്റി ആഡംബര വിഭവങ്ങൾ എത്തുമ്പോൾ, യുഎസ് സൈന്യം ‘അറ്റാക്ക് മോഡിൽ’ ആണെന്ന വിലയിരുത്തൽ വ്യാപകമാണ്.
ഇറാൻ പോലുള്ള രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, യുഎസ് കപ്പലുകളിലെ ഭക്ഷണമാറ്റം വാർത്തയാകുന്നത് യാദൃശ്ചികമല്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി അടക്കമുള്ള നേതൃത്വത്തിന് ഇത്തരം റിപ്പോർട്ടുകൾ നൽകുന്ന സന്ദേശം വ്യക്തമാണ്: വലിയ ആക്രമണം നേരിടാൻ തയ്യാറായി ഇരുന്നുകൊൾക!.
ചരിത്രത്തിന്റെ ആവർത്തനമോ?
വിയറ്റ്നാം യുദ്ധകാലത്തും ഇറാഖ് അധിനിവേശത്തിന് മുൻപും യുഎസ് സൈനികർക്കു സമാനമായ ലോബ്സ്റ്റർ വിരുന്നുകൾ നൽകിയിരുന്നു എന്നതാണ് ശ്രദ്ധേയം. അതിനു പിന്നാലെ വൻ സൈനിക നടപടികൾ ഉണ്ടായതായും ചരിത്ര രേഖകൾ പറയുന്നു. അതുകൊണ്ടുതന്നെ, പ്രതിരോധ വിശകലനക്കാർ യുഎസ് സൈനിക കപ്പലുകളിലെ ‘മെനു മാറ്റങ്ങൾ’ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
ചുരുക്കത്തിൽ, പ്ലേറ്റിൽ ലോബ്സ്റ്റർ വന്നാൽ അത് വെറും ഭക്ഷണമല്ല; അതിന് പിന്നിൽ ആഗോള രാഷ്ട്രീയത്തെയും യുദ്ധസാധ്യതകളെയും സ്പർശിക്കുന്ന വലിയ സൂചനകളുണ്ടാകാമെന്നാണ് വിലയിരുത്തൽ.











