
കൊച്ചി: വന്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നിരവധി മലയാളികള്‍ക്കെതിരെ കേരളത്തില്‍ ശക്തമായ ക്രിമിനല്‍ നിയമ നടപടികള്‍ക്ക് അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റ് തുടക്കമിട്ടു. ബാങ്ക് നിയോഗിച്ച ഉന്നത ഓഫീസര്‍മാരുടെ സംഘം നേരിട്ടെത്തി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ ജില്ലകളില്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ FIR രജിസ്റ്റര്‍ ചെയ്തു.
വിദേശ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒട്ടും ആശാസ്യകരമല്ലെന്ന് കേരള ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 316, 318 പ്രകാരം ക്രിമിനല്‍ വിശ്വാസ വഞ്ചന ഉള്‍പ്പെടുന്ന ഈ കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്തതാണ്.
പ്രതികളില്‍ പലരും ഇതിനകം ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടുള്ളതായാണ് ബാങ്കുകള്‍ക്കു ലഭ്യമായ വിവരം. ഇവര്‍ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസ്സപ്പെടുത്തും. വിദേശത്ത് പുതിയ കുടിയേറ്റക്കാര്‍ എന്ന നിലയില്‍ വിശ്വാസ്യത ദുര്‍ബലപ്പെടുന്നതും വിഷമങ്ങള്‍ക്കിടയാക്കും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സാധ്യമാകില്ല. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയി അവിടെ റെസിഡന്‍സി കിട്ടിയവര്‍ക്കെതിരെയും ക്രമിനല്‍ കേസിന്റെ പേരില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ വഴി തെളിയും. ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോള്‍ ഇതോടെ അവര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലാകും.
ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം, വിദേശത്ത് സാമ്പത്തികമായോ അല്ലാതെയോ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യയിലും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. വിദേശ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ഇത്തരം വ്യക്തികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി നിരസിച്ചിരുന്നു. എഫ്‌ഐആറുകള്‍ പ്രകാരം, കുടിശ്ശിക വരുത്തിയവരില്‍ പലരും ബാങ്കിന് ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ നല്‍കാനുണ്ട്. കടങ്ങള്‍ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറുകണക്കിന് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളീയരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന അവരില്‍ പലരും ഇപ്പോള്‍ അയര്‍ലന്‍ഡ്, യു.കെ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണു താമസം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, കുവൈറ്റ് ബാങ്കുകള്‍ കേരളീയര്‍ക്കുള്ള വായ്പാ നയങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആയിരക്കണക്കിനു പേരെ ബാധിക്കുന്ന കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് കാരണമായി മാറുന്നു. വിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും അത് കോട്ടം വരുത്തുമെന്നും, ഇതു മൂലം വിദേശ അവസരങ്ങള്‍ പരിമിതപ്പെടുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി ക്രിമിനല്‍ പരാതികള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്ന് ബാങ്ക് ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ക്രമിനല്‍ കേസ് നടപടികള്‍ വ്യാപിപ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുന്നതായി അവര്‍ പറഞ്ഞു.
പ്രവാസി വായ്പ്പാ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ കുവൈറ്റിലെ ഗള്‍ഫ് ബാങ്കിന് അനുകൂലമായി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ഫയല്‍ ചെയ്തിട്ടുള്ള അത്തരം കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവ് വേണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ 'മെറിറ്റ് ഇല്ലാത്തത്' എന്ന നിരീക്ഷണത്തോടെയാണ് കോടതി തള്ളിയത്. ഈ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരില്‍ പലരും ആരോഗ്യ സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.








