
അലഹബാദ്: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സാമൂഹിക ധാർമികതയെക്കാൾ നിയമത്തിനാണ് മുൻതൂക്കം ലഭിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം. ഭാര്യയുടെ കുടുംബത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലിവിങ്-ടുഗെദർ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പുരുഷൻ മുമ്പേ വിവാഹിതനായതിനാൽ മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ വാദം. എന്നാൽ, നിയമവും ധാർമികതയും വ്യത്യസ്തമാണെന്നും, നിയമപരമായി കുറ്റമല്ലെങ്കിൽ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കോടതിയുടെ കടമയാണെന്നും ബെഞ്ച് വ്യക്തമാക്കി. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വമേധയാ പുരുഷനൊപ്പം താമസിക്കുകയാണെന്നും യുവതി പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ ബന്ധത്തെ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും, ദുരഭിമാനക്കൊല ഭയപ്പെടുന്നതായും ദമ്പതികൾ കോടതിയെ അറിയിച്ചു.
രണ്ട് പ്രായപൂർത്തിയായവർ ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനായി 'ശക്തി വാഹിനി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ നിർദേശങ്ങളും കോടതി ഓർമ്മിപ്പിച്ചു. "രണ്ട് പ്രായപൂർത്തിയായവർ ഒരുമിച്ച് താമസിക്കുമ്പോൾ അവർക്ക് സംരക്ഷണം നൽകേണ്ടത് പോലീസിന്റെ കടമയാണ്. ഇക്കാര്യത്തിൽ ജില്ലാ പോലീസ് സൂപ്രണ്ടിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതിയുടെ 'ശക്തി വാഹിനി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്," കോടതി പറഞ്ഞു.
ദമ്പതികളുടെ വാദത്തിൽ പ്രാഥമികമായി സത്യസന്ധതയുണ്ടെന്ന് കണ്ട കോടതി, സർക്കാരിന് നോട്ടീസ് നൽകി കേസ് ഏപ്രിൽ 8-ലേക്ക് മാറ്റി. കൂടാതെ, യുവതിയുടെ കുടുംബം നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയിൽ ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. യുവതിയുടെ കുടുംബാംഗങ്ങൾ ദമ്പതികളെ ഉപദ്രവിക്കരുതെന്നും, അവരുടെ വീട്ടിലേക്ക് പ്രവേശിക്കുകയോ ബന്ധപ്പെടുകയോ ചെയ്യാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട പോലീസ് അധികാരികൾക്കാണെന്നും കോടതി വ്യക്തമാക്കി.











