12:32am 09 May 2026
NEWS
സണ്ണി ജോസഫ് ഉൾപ്പെടെ ബഹുഭൂരിപക്ഷം എംഎൽഎമാരും കെ സി വേണു​ഗോപാലിനൊപ്പം; വി ഡി സതീശനെ പിന്തുണച്ചത് വെറും ആറ് എംഎൽഎമാർ മാത്രം
08/05/2026  11:37 AM IST
nila
സണ്ണി ജോസഫ് ഉൾപ്പെടെ ബഹുഭൂരിപക്ഷം എംഎൽഎമാരും കെ സി വേണു​ഗോപാലിനൊപ്പം; വി ഡി സതീശനെ പിന്തുണച്ചത് വെറും ആറ് എംഎൽഎമാർ മാത്രം

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസിലെ നിർണായക ചർച്ചകൾക്കിടെ, പുതിയ വിവാദം ഉയരുന്നു. എഐസിസി നിരീക്ഷകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ എംഎൽഎമാർ ആരെ പിന്തുണച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ വിവാദം പൊട്ടിപുറപ്പെട്ടത്. കെപിസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക് കൈവശം വച്ചിരുന്ന രേഖയുടെ ചിത്രമാണ് പുറത്തായത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ ബഹുഭൂരിപക്ഷം എംഎൽഎമാർ കെ സി വേണു​ഗോപാലിനെ പിന്തുണച്ചതായി സൂചിപ്പിക്കുന്ന രേഖയാണ് പുറത്തുവന്നത്. സണ്ണി ജോസഫിനൊപ്പം സന്ദീപ് വാരിയർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, ഉഷാ വിജയൻ, ടി. സിദ്ദിഖ് എന്നിവരുടെ പേരുകൾക്കു മുന്നിലും ‘കെ.സി’ എന്ന് രേഖപ്പെടുത്തിയ രേഖയാണ് പ്രചരിക്കുന്നത്. 

രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായി കരുതപ്പെടുന്ന ഐ.സി. ബാലകൃഷ്ണൻ ‘കെ.സി’യെയും ‘ആർ.സി’യെയും പിന്തുണയ്ക്കുന്നുവെന്ന രീതിയിലും രേഖയിൽ പരാമർശമുണ്ടായിരുന്നു. എഐസിസി നിരീക്ഷകരുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയിൽ പങ്കെടുത്ത 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്റെ പേരാണ് നിർദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി ഡി സതീശന് ആറുപേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സതീശനും ചെന്നിത്തലയും ഇന്നലെ നിരീക്ഷകരെ നേരിൽ കണ്ടു തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു.

അതേസമയം, നിരീക്ഷകർക്ക് മുന്നിൽ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയതായി പുറത്തുവന്ന ചിത്രങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img