03:03pm 27 August 2026
NEWS
ഉത്രാടക്കച്ചവടം പൊടിപൊടിച്ചു; കേരളത്തിൽ ഒറ്റദിവസം വിറ്റത് 146.66 കോടിയുടെ മദ്യം
27/08/2026  01:14 PM IST
ഉത്രാടക്കച്ചവടം പൊടിപൊടിച്ചു; കേരളത്തിൽ ഒറ്റദിവസം വിറ്റത് 146.66 കോടിയുടെ മദ്യം

തിരുവനന്തപുരം: ഉത്രാടനാളിൽ കേരളത്തിൽ മദ്യവിൽപനയിൽ വൻ കുതിപ്പ്. ബവ്കോയും കൺസ്യൂമർഫെഡും വഴി ഉത്രാടദിനത്തിൽ മാത്രം 146.66 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇതിൽ 126.31 കോടി രൂപയുടെ വിൽപന ബവ്കോ വഴിയും 20.35 കോടി രൂപയുടെ വിൽപന കൺസ്യൂമർഫെഡിന്റെ മദ്യവിൽപനശാലകൾ വഴിയുമാണ്.

ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ കണക്കിലും മദ്യവിൽപനയിൽ വർധന രേഖപ്പെടുത്തി. ഈ കാലയളവിൽ ബവ്കോയും കൺസ്യൂമർഫെഡും ചേർന്ന് 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപനയായിരുന്നു. ഇത്തവണ 77 കോടിയിലേറെ രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്രാടദിനത്തിലെ ബവ്കോ വിൽപനയിൽ കുറവുണ്ടായി. 2025ലെ ഉത്രാടദിനത്തിൽ ബവ്കോയുടെ വിൽപന 137 കോടി രൂപയായിരുന്നു. ഇത്തവണ അത് 126.31 കോടി രൂപയായി കുറഞ്ഞു. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപനയിലും നേരിയ ഇടിവുണ്ടായി. തിരുവോണദിനത്തിൽ സംസ്ഥാനത്തെ മദ്യവിൽപനശാലകൾക്ക് അവധിയായിരുന്നു.

കൺസ്യൂമർഫെഡ് ഷോപ്പുകളിൽ കുന്നംകുളത്തിന് ഒന്നാം സ്ഥാനം

കൺസ്യൂമർഫെഡിന്റെ 49 മദ്യവിൽപനശാലകളിൽ ഉത്രാടദിനത്തിലെ വിൽപനയിൽ കുന്നംകുളം ഷോപ്പാണ് മുന്നിലെത്തിയത്. ഇവിടെ 89.42 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

74 ലക്ഷത്തിലേറെ രൂപയുടെ വിൽപനയുമായി കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനത്തും അമ്പലപ്പുഴ മൂന്നാം സ്ഥാനത്തുമെത്തി. കൊയിലാണ്ടി, ഞാറയ്ക്കൽ ഷോപ്പുകളും ഉയർന്ന വിൽപന രേഖപ്പെടുത്തി. ആകെ 15 കൺസ്യൂമർഫെഡ് ഷോപ്പുകളിൽ ഉത്രാടദിനത്തിൽ മാത്രം 50 ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്നു.

ഉത്രാടദിനത്തിലെ കൺസ്യൂമർഫെഡ് വിൽപന

ആകെ വിൽപന: 20,35,95,800
കുന്നംകുളം: 89,42,930
കൊടുങ്ങല്ലൂർ: 74,78,210
അമ്പലപ്പുഴ: 74,40,510
കൊയിലാണ്ടി: 73,30,710
ഞാറയ്ക്കൽ: 65,02,380

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img