07:29am 13 November 2026
NEWS
റെസ്റ്റോബാർ ലൈസൻസിന് എഴുപത് ലക്ഷം വരെ കൈക്കൂലി; ആരോപണവുമായി മദ്യവ്യവസായി അസോസിയേഷൻ.
29/01/2026  10:58 AM IST
വിഷ്ണുമംഗലം കുമാർ
റെസ്റ്റോബാർ ലൈസൻസിന് എഴുപത് ലക്ഷം വരെ കൈക്കൂലി; ആരോപണവുമായി മദ്യവ്യവസായി അസോസിയേഷൻ

മദ്യ വ്യവസായത്തിലും വിതരണത്തിലും എക്കാലത്തും മുൻപന്തിയിലാണ് കർണാടകം. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ സംസ്ഥാനത്തെ ബംഗളുരു പോലുള്ള വൻനഗരങ്ങളിലും മറ്റു ചെറുനഗരങ്ങളിലും കണ്ടുവരുന്ന പുത്തൻ പ്രവണതയാണ് റെസ്റ്റോബാറുകൾ. മദ്യ ശാലകൾക്കും എം ആർ പി ഷോപ്പുകൾക്കും പുറമെയാണിത്. മദ്യശാലകൾ വ്യാപകമായപ്പോൾ എംആർപി ഷോപ്പുകൾ ഒറ്റയ്ക്കും തെറ്റയ്ക്കും തുറന്നു പ്രവർത്തനമാരംഭിച്ചപ്പോൾ അതൊരു പുതുമയായിരുന്നു. എം ആർ പി ഷോപ്പുകളിൽ കുപ്പിയിൽ രേഖപ്പെടുത്തിയ വിലയ്ക്ക് മദ്യം വാങ്ങാൻ കഴിയുമായിരുന്നു. എന്നാൽ അവിടെവെച്ച് കഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതിനുള്ള സൗകര്യവും ഉണ്ടായിരിക്കില്ല. ബാറുകൾ മദ്യത്തിന് തോന്നിയ വില ഈടാക്കുമ്പോഴാണ് എം ആർ പി ഷോപ്പുകൾ ശ്രദ്ധേയമായത്. ചില ബാറുകൾ പെഗ്ഗിന് ഇത്ര എന്ന കണക്കിനാണ് മദ്യം വിളമ്പിയത്. അത് കണക്കുകൂട്ടിയാൽ കുപ്പിയിൽ രേഖപ്പെടുത്തിയ എം ആർ പി നിരക്കിന്റെ എത്രയോ ഇരട്ടി വരും. അത് ചോദ്യം ചെയ്യാൻ മദ്യപന്മാർക്ക് കഴിയുമായിരുന്നില്ല. എം ആർ പി ഷോപ്പുകൾ വ്യാപകമായതോടെ മദ്യപന്മാരിൽ നല്ലൊരു പങ്ക് അങ്ങോട്ട്‌ തിരിഞ്ഞു. മിതമായ നിരക്കിൽ മദ്യം വാങ്ങി വീട്ടിലോ മറ്റിടങ്ങളിലോ കൊണ്ടുപോയി കഴിക്കാൻ തുടങ്ങി  പല ബാറുകളിലും ബിസ്സിനസ്സ് കുറഞ്ഞു. എം ആർ പി ഷോപ്പ് ലൈസൻസെടുത്ത് നിശ്ചിത വിലയ്ക്ക് മദ്യം നൽകാൻ ബാറുകൾ തയ്യാറായി. മദ്യഷോപ്പുകളും ബാറുകളും എം ആർ പി ഷോപ്പുകളും കൂടിയാകുന്നതാണ് ബംഗളുരു പോലുള്ള നഗരങ്ങളിൽ പിന്നീട് കണ്ടത്.അതിനും പുറമെയാണ് പുതിയതരം ലൈസൻസുമായി റെസ്റ്റോബാറുകൾ വന്നത്. മദ്യശാലയോടൊപ്പം താമസ സൗകര്യമുള്ള പത്തുമുറികളെങ്കിലുമുള്ള കെട്ടിടം കൂടി ഉണ്ടെങ്കിൽ റെസ്‌റ്റോബാർ നടത്താനുള്ള സി എൽ  7  ലൈസൻസ് ലഭിക്കും. റെസ്‌റ്റോബാറുകളിൽ ഭക്ഷണത്തോടൊപ്പം മദ്യവും യഥേഷ്ടം വിളമ്പിയിരുന്നു. ബംഗളുരുവിലും മറ്റും റെസ്റ്റോബാറുകൾ വ്യാപകമാകാൻ തുടങ്ങി. ഡിമാൻഡ് വർധിച്ചപ്പോൾ റെസ്‌റ്റോബാർ ലൈസൻസിനുള്ള ചാർജും അനുബന്ധമായുള്ള കൈക്കൂലിയും കുതിച്ചുയർന്നു. ബംഗളുരുവിൽ ഇപ്പോൾ സി എൽ 7 ലൈസൻസെടുത്ത് റെസ്റ്റോബാർ തുടങ്ങാൻ എഴുപത് ലക്ഷം രൂപവരെ കൈക്കൂലി നൽകേണ്ടതുണ്ട്. നിർദ്ദിഷ്ട സൗകര്യങ്ങളൊരുക്കി വൻതുക കൈക്കൂലി കൊടുക്കാൻ തയ്യാറായാലും റെസ്റ്റോബാറിനു ലൈസൻസ് കിട്ടാത്ത സാഹചര്യമാണ് ബംഗളുരുവിൽ ഉള്ളതെന്ന് മദ്യ ഷോപ്പ് നടത്തുന്ന ഒരാൾ പറഞ്ഞു. നിർദ്ദിഷ്ട സൗകര്യങ്ങളൊരുക്കാൻ തന്നെ രണ്ടുകോടി രൂപയോളം വേണ്ടിവരും. അതിന് പുറമെയാണ് കൈക്കൂലി. സംസ്ഥാനത്ത് ഇപ്പോൾ 3400 ൽ കൂടുതൽ റെസ്റ്റോബാറുകളുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ എക്സൈസ് വകുപ്പിൽ 6000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സംസ്ഥാന വൈൻ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു. മുഖ്യമന്ത്രിയോട് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും കോൺഗ്രസ്സിന്റെ ദേശീയ നേതാക്കൾക്ക് പരാതി നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ എക്സൈസ് വകുപ്പിൽ അഴിമതി ഇല്ലെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് നൽകിയാൽ അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി ആർ ബി തിമ്മപ്പൂർ പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img