ചതിച്ചത് മെസ്സിയോ അതോ സംസ്ഥാന സർക്കാരോ? കായികമന്ത്രിയുടെ വിശദീകരണം ഇങ്ങനെ..

അനാവശ്യമായി വാർത്ത സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ആലോചിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനസർക്കാർ കരാർ ലംഘിച്ചെന്ന അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മാർക്കറ്റിങ് മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സന്റെ ആരോപണവും കായികമന്ത്രി നിഷേധിച്ചു. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ പറയുന്നത്.
അർജന്റീന ടീമുമായി കരാർ ഒപ്പിട്ടിട്ടുള്ളത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു. കരാറിലുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കരാറിൽ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവു വലിയ കരാർ ലംഘനം. കേരളം കരാർ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിച്ചു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
'സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല. സ്‌പോൺസർമാരാണ് അർജന്റീന ടീമുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. കേരളം അത്തരത്തിലൊരു കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് പണമടച്ചിട്ടില്ലെന്നും പറഞ്ഞു. ഇപ്പോൾ മാധ്യമങ്ങൾ പറയുന്നു കരാർ ലംഘനമുണ്ടായി എന്ന്. അതിനർഥം കരാറിൽ ഒപ്പിട്ടു എന്നാണ്. അത് കേരളമല്ല. തെറ്റായി ആണ് പറയുന്നത്. കരാറുള്ളത് സ്‌പോൺസർമാരുമായി ആണ്. '
'ഇപ്പോൾ ഏതോ ഒരു വാട്‌സ് ആപ്പ് ചാറ്റുമായിട്ടാണ് വന്നിട്ടുള്ളത്. ലിയാൻഡ്രോ എന്നുപറയുന്ന ആൾ അവരുടെ മാർക്കറ്റിങ് ഹെഡാണ്. അദ്ദേഹമാണ് അർജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നത്. എന്നാൽ ഇത് ഒപ്പുവെച്ചിട്ടുള്ളത് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ്. അവർ തമ്മിലാണ് കരാർ. കഴിഞ്ഞ ദിവസം സ്‌പോൺസർമാർ തന്നെ പറഞ്ഞു ഈ ഒക്ടോബർ-നവംബർ വിൻഡോയിൽ വരാനാവില്ല എന്ന് അറിയിച്ചിട്ടുണ്ടെന്ന്. 2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ആ വർഷം പുതിയ സർക്കാർ വരും. സംവിധാനങ്ങൾ മാറും. അതിൽ ഈ സ്‌പോർട്‌സ് മന്ത്രി ഉണ്ടായിരിക്കണമെന്നില്ല. ഇടതുപക്ഷ സർക്കാർ തന്നെയാവും വരുക. എന്നാൽ അതിൽ സ്‌പോൺസർക്ക് താത്പര്യക്കുറവുണ്ടായി. അത് അവരെ അറിയിച്ചു. ഇതാണ് അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുപോകുന്നത്.
'സ്‌പെയിനിൽ മാത്രമല്ല പോയത്. വിവിധ രാജ്യങ്ങളുമായി കായികകരാറുകൾ ഒപ്പുവെക്കുന്നുണ്ട്. ഓസ്‌ട്രേലിയയായും ക്യൂബയുമായും ഒപ്പുവെച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളുമായി നിരവധി കരാറുകൾ നിലവിലുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സ്‌പോർട്‌സ് പോളിസി കൊണ്ടുവന്നത്.സ്‌പോർട്‌സ് പോളിസിയിൽ സ്‌പോർട്‌സ് എക്കോണമി കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി പുതിയ ടീമുകൾ കളിക്കാൻ വരണം.വരുമാനം ഉണ്ടാകണം.അങ്ങനെയാണ് അർജന്റീനയെ കൊണ്ടുവരുന്നത്. '
'യാത്രയിൽ മന്ത്രി ഒറ്റയ്ക്ക് പോയതല്ല, മന്ത്രിയുടെ കൂടെ ബന്ധപ്പെട്ട സ്‌പോർട്‌സ് അതോറിറ്റിയിലെ ആളുകളും ഉണ്ടായിരുന്നു. പോയി വരുമ്പോൾ ചെലവുണ്ടാകും. ഒരു മന്ത്രി മാത്രമാണോ പോകുന്നതെന്നും ഇന്ത്യയിലെ ഏതെല്ലാം സംസ്ഥാനത്ത് ഏതെല്ലാം മന്ത്രിമാർ പോകുന്നു. പ്രധാനമന്ത്രി ഏത്ര കോടി രൂപയുടെ യാത്രാചെലവുണ്ടാക്കി. അതെന്താണ് പറയാത്തത്. അനാവശ്യമായി വാർത്ത സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ആലോചിക്കണം.'











