06:22pm 03 October 2026
NEWS
ലയണൽ മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്‌‌ദുറഹിമാനെതിരെ അന്വേഷണം ശക്തം; പ്രതിയാക്കുമെന്ന് സൂചന
03/10/2026  09:54 AM IST
ന്യൂസ് ബ്യൂറോ
ലയണൽ മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്‌‌ദുറഹിമാനെതിരെ അന്വേഷണം ശക്തം; പ്രതിയാക്കുമെന്ന് സൂചന

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) മലപ്പുറത്ത് ചോദ്യം ചെയ്തു. തട്ടിപ്പിൽ മുൻ മന്ത്രിയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതിനാണ് എസ്.പി. പി. വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്.
​ കേസിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലനും പ്രതികളായേക്കുമെന്നാണ് സൂചന. ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി ഔദ്യോഗിക കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
​ പണമിടപാടുകൾ, സ്പോൺസറെ തിരഞ്ഞെടുത്ത രീതി, അർജന്റീന ഫുട്ബാൾ അസോസിയേഷനുമായുള്ള കരാർ എന്നിവയെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചത്.
 സർക്കാർ ഉത്തരവിറങ്ങും മുൻപ് സ്വകാര്യ ചാനൽ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടതെങ്ങനെ, മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയത് ആര് തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.
സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപ് ഒപ്പിട്ട കരാർ പിന്നീട് സർക്കാർ ഫയലുകളിൽ നിന്ന് അപ്രത്യക്ഷമായതിനെക്കുറിച്ചും എസ്.ഐ.ടി വിശദമായ മൊഴിയെടുത്തു.
​മുൻ മന്ത്രിയുടെ നിലപാട്
​താൻ ചട്ടങ്ങൾ മറികടന്നിട്ടില്ലെന്നാണ് വി. അബ്‌ദുറഹിമാന്റെ മൊഴി. മെസിയെ കേരളത്തിലെത്തിക്കുന്നത് ഒരു സർക്കാർ പരിപാടിയെന്ന നിലയിലാണ് ഇടപെടലുകൾ നടത്തിയതെന്നും, സ്വകാര്യ കമ്പനിക്ക് വേണ്ടി യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെയിൻ യാത്ര ചട്ടപ്രകാരം മുൻകൂർ അനുമതി വാങ്ങി നടത്തിയതാണെന്നും അദ്ദേഹം അറിയിച്ചു.
​കേസിൽ സ്പോൺസറായ ആന്റോ അഗസ്റ്റിന്റെ മൊഴിയും അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img