03:34pm 26 July 2026
NEWS
ലയണൽ മെസിയുടെ രാജ്യാന്തര കരിയറിന് വിരാമമാകുമോ? അർജന്റീനയിൽ ചർച്ചകൾ സജീവം
26/07/2026  11:46 AM IST
nila
ലയണൽ മെസിയുടെ രാജ്യാന്തര കരിയറിന് വിരാമമാകുമോ? അർജന്റീനയിൽ ചർച്ചകൾ സജീവം

അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി ദേശീയ ടീമിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് മെസിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഫുട്ബോൾ ലോകത്ത് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വാർത്ത.

39-ാം വയസിലും മികച്ച പ്രകടനം തുടരുന്ന മെസി, സമീപകാല ടൂർണമെന്റിൽ അർജന്റീനയെ ഫൈനൽ വരെ നയിച്ചിരുന്നു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ടീമിന്റെ പ്രധാന കരുത്തായി മാറിയെങ്കിലും, ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ കിരീടം കൈവിട്ടു. മത്സരശേഷം തന്റെ രാജ്യാന്തര ഭാവിയെക്കുറിച്ച് മെസി വ്യക്തമായ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

മെസിക്ക് ദേശീയ ടീമിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുമെന്ന് പരിശീലകൻ ലയണൽ സ്കലോണി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ടീമിൽ തലമുറമാറ്റത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മെസി അടുത്ത മാസങ്ങളിൽ തന്നെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിരമിക്കുന്നതിന് മുമ്പ് അർജന്റീനയ്ക്കായി കുറച്ച് മത്സരങ്ങൾ കൂടി മെസി കളിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, അടുത്ത ലോകകപ്പിൽ അർജന്റീനയുടെ ഐതിഹാസിക പത്താം നമ്പർ ജഴ്‌സിയിൽ മെസിയെ കാണാനാകില്ലെന്നതാണ് നിലവിലെ സൂചന.

അതേസമയം, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസിക്ക് ഗംഭീരമായ യാത്രയയപ്പ് ഒരുക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പദ്ധതികൾ തയ്യാറാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സ്വന്തം നാട്ടിൽ ആരാധകരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന് അർഹിക്കുന്ന രീതിയിലുള്ള വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img