
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ ‘ഇൻഫോബേ’യാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത്. അർജന്റീനൻ സമയം രാത്രി 10 മണിയോടെ റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു ഹോർഹെ മെസ്സി.
മെസ്സിയുടെ ഫുട്ബോൾ കരിയറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു പിതാവ് ഹോർഹെ. ബാല്യത്തിൽ വളർച്ചാ ഹോർമോൺ കുറവിനെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട മെസ്സിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. അന്ന് ന്യൂവൽസ് ഓൾഡ് ബോയ്‌സിന്റെ യൂത്ത് ടീമിലായിരുന്നു മെസ്സി.
മെസ്സിക്ക് 13 വയസ്സുള്ളപ്പോൾ ബാഴ്‌സലോണയിലേക്ക് മാറിയപ്പോഴും ഹോർഹെ മകനൊപ്പം സ്പെയിനിലെത്തി. അതേസമയം, ഭാര്യ സെലിയ കുച്ചിറ്റിനിയേയും മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരെയും റൊസാരിയോയിലാക്കി നിർത്തിയായിരുന്നു ഹോർഹെയുടെ തീരുമാനം.
മെസ്സിയുടെ ഔദ്യോഗിക ഏജന്റായും ഹോർഹെ പ്രവർത്തിച്ചിരുന്നു. ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി തുടങ്ങിയ ക്ലബ്ബുകളുമായുള്ള മെസ്സിയുടെ കരാർ ചർച്ചകൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. ഫുട്ബോളിന് പുറമെ മെസ്സിയുടെ വാണിജ്യ, പരസ്യ കരാറുകളും ഹോർഹെ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.
പിതാവിന്റെ ആരോഗ്യനില മോശമായിരുന്ന വിവരം മെസ്സി നേരത്തെയും പങ്കുവച്ചിരുന്നു. ലോകകപ്പിലെ അൾജീരിയക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതിന് പിന്നാലെ മെസ്സി വികാരാധീനനായ സംഭവവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിതാവിന്റെ മോശം ആരോഗ്യനിലയാണ് തന്റെ മാനസികാവസ്ഥയ്ക്ക് പിന്നിലെന്ന് പിന്നീട് മെസ്സി വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം മെസ്സിയുടെ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാനും ഹോർഹെയ്ക്ക് സാധിച്ചിരുന്നില്ല.
മെസ്സിയുടെ ജീവിതത്തിലും കരിയറിലും നിർണായക സ്വാധീനം ചെലുത്തിയ പിതാവിന്റെ വിയോഗവാർത്ത ഫുട്ബോൾ ലോകത്ത് വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.










