
ബംഗളുരു: കർണാടകത്തിൽ പൊതുസമൂഹത്തിലും രാഷ്ട്രീയ രംഗത്തും ഏറെക്കാലമായി അധീശത്വം പുലർത്തിപ്പോന്ന പ്രബല സമുദായങ്ങളാണ് ലിങ്കായത്തരും വൊക്കലിഗരും. സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തു തീരുമാനം കൈക്കൊള്ളുമ്പോഴും ഈ സമുദായങ്ങൾക്കാണ് മുൻഗണനയും പ്രാധാന്യവും ലഭിച്ചുപോന്നത്. സംസ്ഥാന ജനസംഖ്യയിൽ 17 ശതമാനം ലിങ്കായത്തരും 14 ശതമാനം വൊക്കലിഗരുമാണെന്ന വിശ്വാസമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ക്യാബിനറ്റ് ഇക്കഴിഞ്ഞ ദിവസം ചർച്ചയ്‌ക്കെടുത്ത ജാതി സെൻസസ് റിപ്പോർട്ട് അത് തിരുത്തുകയാണ്. 2015-18 കാലയളവിലാണ് ജാതി സെൻസസ് നടന്നത്. അക്കാലത്ത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 6.33 കോടിയാണെന്നാണ് കരുതപ്പെട്ടിരുന്നത്. അതിൽ 5.98 കോടി ജനങ്ങളുടെ വിവരങ്ങളാണ് സമാഹരിച്ചത്. അതായത് ജനസംഖ്യയുടെ 94 ശതമാനം ആളുകളുടെ വിവരശേഖരണമാണ് നടന്നത്. ഏതൊരു സർവ്വെയ്ക്കും അത്രയേ സാധിക്കൂ. 90 ശതമാനത്തിന്റെ കണക്കെടുത്താൽ സർവ്വേ കൃത്യമായി എന്നാണ് കരുതപ്പെടുന്നത്. ആ കണക്കെടുപ്പിൽ ലിങ്കായത്തർ 11. 2 ശതമാനവും (66.35 ലക്ഷം) വൊക്കലിഗർ 10.3 ശതമാനവും (61.58 ലക്ഷം)ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതായത് ലിങ്കായത്തർ 17 ൽ നിന്ന് 11.2 ശതമാനമായും വൊക്കലിഗർ 14 ൽ നിന്ന് 10.3 ശതമാനമായും കുറഞ്ഞിരിക്കുന്നു. ഇത് ആ സമുദായങ്ങൾ അംഗീകരിക്കുന്നില്ല. സർവ്വേ ശാസ്ത്രീയമായിരുന്നില്ലെന്ന് അവർ വാദിക്കുന്നു.സംസ്ഥാനത്ത് തങ്ങളുടെ സമുദായക്കാർ 1.3 കോടിയുണ്ടെന്ന് ലിങ്കായത്തരും തങ്ങൾ ഒരു കോടിയുണ്ടെന്ന് വൊക്കലിഗരും ചൂണ്ടിക്കാട്ടുന്നു. ഒബിസി വിഭാഗത്തിൽ പെട്ടവർ എഴുപത് ശതമാനമുണ്ടെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്. മുസ്ലിങ്ങളും ലിങ്കായത്ത്, വൊക്കലിഗ സമുദായങ്ങളിലെ ചില ഉപജാതികളും ഒബിസിയിൽ ഉൾപ്പെടും. തങ്ങളുടെ മുൻകൈ നഷ്ടപ്പെടുന്നതും ഒബിസിയ്ക്ക് 51 ശതമാനം സംവരണം നൽകണമെന്ന റിപ്പോർട്ടിലെ ശുപാർശയുമാണ് പ്രബല സമുദായങ്ങളെ പ്രകോപിപ്പിക്കുന്നത്. ലിങ്കായത്ത്, വൊക്കലിഗര നേതാക്കളുടെ സംയുക്ത യോഗം കോൺഗ്രസ് നേതാവും വീരശൈവ മഹാസഭ അധ്യക്ഷനുമായ ശാമനൂർ ശിവശങ്കരപ്പയുടെ വീട്ടിൽ ചേർന്നു. ആദ്യമായാണ് ഈ രണ്ടു സംഘടനകളും ഒത്തുചേരുന്നത്. യാദവ, തിഗള സമുദായങ്ങളുടെ പിന്തുണയും ഇവർ തേടിയിട്ടുണ്ട്. തികച്ചും അശാസ്ത്രീയ ജാതി സെൻസസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പുതിയ സർവ്വേ നടത്തണമെന്നാണ് ഈ സമുദായങ്ങളുടെ ആവശ്യം. ലിങ്കായത്ത്, വൊക്കലിഗ സമുദായങ്ങളിൽ പെട്ട മന്ത്രിമാർ ഉടനെ വീണ്ടും ചേരുന്ന സംയുക്ത യോഗങ്ങളിൽ സംബന്ധിക്കും. മെയ് രണ്ടിന് ക്യാബിനറ്റ് ജാതി സെൻസസ് വീണ്ടും ചർച്ചയ്‌ക്കെടുക്കുമ്പോൾ മന്ത്രിമാർ തങ്ങളുടെ സമുദായത്തിന്റെ അഭിപ്രായം അറിയിക്കും. ജാതി സെൻസസിനെതിരെ സംയുക്ത പ്രക്ഷോഭത്തിനാണ് ലിങ്കായത്ത്, വൊക്കലിഗ സമുദായങ്ങൾ തയ്യാറെടുക്കുന്നത്.











