12:02pm 10 November 2026
NEWS
ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ലിങ്കായത്ത് സ്വാമിയും മറ്റുചിലരും; കർണാടകത്തിലെ നേതൃമാറ്റ ചർച്ച അവസാനിക്കുന്നില്ല
08/07/2025  11:24 AM IST
വിഷ്ണുമംഗലം കുമാർ
ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ലിങ്കായത്ത് സ്വാമിയും മറ്റുചിലരും; കർണാടകത്തിലെ നേതൃമാറ്റ ചർച്ച അവസാനിക്കുന്നില്ല

ബംഗളുരു: നേതൃമാറ്റത്തെ പറ്റി ആരും പരസ്യപ്രസ്താവന നടത്തരുതെന്ന് കോൺഗ്രസ്സ് എം എൽ എ മാർക്ക് ഹൈക്കമാണ്ട് അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അടുത്ത അനുയായികൾ അത് പൂർണ്ണമായി അനുസരിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഒറ്റയ്ക്കും തെറ്റയ്ക്കും പ്രസ്താവനകൾ ഉയരുന്നുണ്ട്. അച്ചടക്കലംഘനത്തിന് നടപടി എടുക്കേണ്ടത് പി സി സി അധ്യക്ഷൻ കൂടിയായ ശിവകുമാർ തന്നെയാണെന്നുള്ളതാണ് അവർക്ക് ധൈര്യം പകരുന്നത്. ശിവകുമാറാകട്ടെ നേതൃമാറ്റത്തെ പറ്റി ആരും സംസാരിക്കരുതെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്. സിദ്ധരാമയ്യയുടെ പിന്നിൽ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി തൽക്കാലം അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം ഹൈക്കമാണ്ടിന് വാക്ക് കൊടുത്തിട്ടുണ്ട്. "എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ നേതൃമാറ്റത്തെപ്പറ്റി പരസ്യമായി സംസാരിക്കരുതെന്ന് എനിക്ക് നിർദ്ദേശം നൽകിയിരുന്നു. ഞാനത് അക്ഷരംപ്രതി അനുസരിക്കുന്നു" മൂന്നുദിവസം മുമ്പ് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം അദ്ദേഹവുമായി അടുപ്പമുള്ള ചില നേതാക്കൾ വീണ്ടും പ്രകടിപ്പിച്ചു. അതിനും പുറമെ പ്രമുഖനായ ലിങ്കായത്ത് സ്വാമി രംഭപുര രാജദേശികേന്ദ്ര ശിവാചാര്യ, ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി. ശിവകുമാർ ലിങ്കായത്തല്ല, വൊക്കലിഗനാണ്. ലിങ്കായത്തി ലെ പഞ്ചശീല വിഭാഗത്തിൽ പെട്ട വിശ്വാസികളുടെ ആരാധ്യനാണ് രംഭപുരി സ്വാമി. കനകപുരയിലെ സിദ്ദേശ്വര മലയിലുള്ള ക്ഷേത്രത്തിലേക്കുള്ള പുതിയ പടവുകളുടെ ഉദ്ഘാടനവേളയിലാണ് സ്വാമിജി ശിവകുമാറിനെ അനുഗ്രഹിച്ചുകൊണ്ട് മനസ്സുതുറന്നത്. " ഉയർന്ന പദവി ലഭിക്കാൻ അർഹതയുള്ള നേതാവാണ് ശിവകുമാർ. 2023 ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അദ്ദേഹമാണെന്ന് നമുക്കറിയാം. നേതൃമാറ്റത്തെപ്പറ്റി എന്തോ കരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എത്രയുംവേഗം ശിവകുമാർ ഉന്നതസ്ഥാനത്ത് അവരോധിതനകട്ടെ" സ്വാമിജി പ്രത്യാശ പ്രകടിപ്പിച്ചു.  "നേതാക്കളും സ്വാമിമാരുമൊക്കെ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷെ നേതൃമാറ്റത്തെ പറ്റി ഞാനൊന്നും പറയില്ല. ഹൈക്കമാണ്ടിന് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്" ശിവകുമാർ പ്രതികരിച്ചത് അങ്ങനെയാണ്. ഭക്തി, ദൈവവിശ്വാസം എന്നീ കാര്യങ്ങളിലാണ്, മുമ്പ് നിരീശ്വരവാദിയും അടുത്ത കാലത്ത് അല്പസ്വല്പം വിശ്വാസിയുമായ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ശിവകുമാർ മറികടക്കാറുള്ളത്. വൊക്കലിഗ, ലിങ്കായത്ത് എന്നീ പ്രബല സമുദായങ്ങളുടെ മഠാധിപതികളുമായോ സ്വാമിജിമാരുമായോ സിദ്ധരാമയ്യയ്ക്ക് അത്ര അടുപ്പമില്ല. അദ്ദേഹത്തിന് ആത്മബന്ധം പിന്നോക്ക വിഭാഗ-ന്യുനപക്ഷ-ദളിത് കൂട്ടായ്മയായ അഹിന്ദയോടാണ്. നേതൃമാറ്റ ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ അഹിന്ദയുടെ മഹാസമ്മേളനം വിളിച്ചുകൂട്ടാൻ സിദ്ധരാമയ്യ ആലോചിക്കുന്നുണ്ട്. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമാകട്ടെ അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് പോലും ഉയരുന്നുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img