09:00am 28 November 2026
NEWS
നീതിയുടെയും അറിവിന്റെയും വെളിച്ചം: പണ്ഡിതശ്രേഷ്ഠൻ ശൈഖ് അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദിനെ ആദരിച്ച് ഖത്തർ നാഷണൽ ലൈബ്രറി
27/11/2026  10:36 AM IST
nila
നീതിയുടെയും അറിവിന്റെയും വെളിച്ചം: പണ്ഡിതശ്രേഷ്ഠൻ ശൈഖ് അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദിനെ ആദരിച്ച് ഖത്തർ നാഷണൽ ലൈബ്രറി

ദോഹ: ഖത്തറിന്റെ വൈജ്ഞാനിക, നീതിന്യായചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച മഹാപണ്ഡിതൻ ശൈഖ് അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ഖത്തർ നാഷണൽ ലൈബ്രറി. 'ഖത്തറിലെ സ്വകാര്യ ശേഖരങ്ങളുടെ ഓർമ്മകളിൽ നിന്ന്' എന്ന സെമിനാർ പരമ്പരയുടെ നാലാം പതിപ്പിലാണ് അദ്ദേഹത്തിന്റെ സ്വകാര്യ ഗ്രന്ഥശേഖരവും അതുല്യമായ ജീവിതയാത്രയും അടയാളപ്പെടുത്തിയത്.​ശാസ്ത്രം, കർമ്മശാസ്ത്രം, ചരിത്രം, നിയമം എന്നീ മേഖലകളിൽ വിജ്ഞാനകോശം പോലെനിറഞ്ഞുനിന്ന ശൈഖ് അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദ്, ഖത്തറിലെ ശരീഅത്ത് നീതിന്യായ വ്യവസ്ഥയ്ക്ക് അടിത്തറ പാകുന്നതിൽ വഹിച്ച പങ്ക്അവിസ്മരണീയമാണ്. എഴുത്തുകളും ഗ്രന്ഥങ്ങളും കത്തുകളും ഫത്‌വകളും നിറഞ്ഞ ആവിജ്ഞാനസമ്പത്ത്വരുംതലമുറയ്ക്ക് എന്നുംവഴികാട്ടിയായിനിലനിൽക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പണ്ഡിതന്മാരും വിദഗ്ധരും സാക്ഷ്യപ്പെടുത്തി.ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റും സഹമന്ത്രിയുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ-കുവൈരി, തങ്ങളുടെ കുടുംബവും ശൈഖും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ചൂടോടെയാണ് സംസാരിച്ചത്. "ഖത്തർ അദ്ദേഹത്തെ ഒരു ന്യായാധിപനായും, ജനം അദ്ദേഹത്തെ വഴികാട്ടിയായും, ഞാൻ അദ്ദേഹത്തെ കരുണയുള്ള ശൈഖായും അറിഞ്ഞു. പിതാവിന്റെ കൈപിടിച്ച് ആ മഹാമജ്‌ലിസിലേക്ക് നടന്നുകയറിയ ബാല്യകാലം ഇന്നും തെളിമയോടെയുണ്ട്. അദ്ദേഹം സംസാരിക്കുമ്പോൾ ജനം കാതോർത്തിരുന്നു; പുഞ്ചിരിക്കുമ്പോൾ മനസ്സുകൾ കുളിർത്തു," ഡോ. കുവൈരി അനുസ്മരിച്ചു.
​ഹൗത്തത്ത് ബനി തമീമിൽ ജനിച്ച ശൈഖിന്റെ വിജ്ഞാനദാഹവും അസാധാരണമായ ഓർമ്മശക്തിയും അദ്ദേഹം എടുത്തുപറഞ്ഞു. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടെങ്കിലും മാതൃസഹോദരൻ ശൈഖ് ഹസ്സൻ ബിൻ സാലിഹ് അൽ-ഷാത്രിയുടെ സംരക്ഷണയിലും മാതാവിന്റെ പ്രാർത്ഥനയിലും വളർന്ന അദ്ദേഹം, റിയാദിലെ വിജ്ഞാനസദസ്സുകൾക്ക് ശേഷം ശൈഖ് ഇബ്നു മാനിയുടെ നിർദ്ദേശപ്രകാരമാണ് ഖത്തറിലേക്ക് എത്തുന്നത്.സൂര്യനുദിക്കുന്നതിന് മുൻപേ നീതിപീഠത്തിലിരുന്ന്, ജാതിമതഭേദമന്യേ എല്ലാവർക്കും നീതി ഉറപ്പാക്കിയിരുന്ന ശൈഖിന്റെ നിഷ്കളങ്കമായ ജീവിതം ഡോ. കുവൈരി വരച്ചുകാട്ടി. അനാഥരുടെയും വിധവകളുടെയും സംരക്ഷണം, ഔഖാഫ് കാര്യങ്ങൾ, മതപഠനശാലകളുടെ രൂപീകരണം, അമ്പതിലധികം ഗ്രന്ഥങ്ങളുടെ രചന എന്നിവയിലൂടെ അദ്ദേഹം സമൂഹത്തെ നയിച്ചു.
​ഹജ്ജ് വേളയിലെ തിരക്കും സമയപരിധിയും കണക്കിലെടുത്ത് ജംറകളിൽ കല്ലേറ് നടത്തുന്നതിന് (രമ്യുൽ ജിമാർ) 'സവാൽ' (ഉച്ചതിരിയുന്നതിന്) മുൻപും അനുവാദമുണ്ടെന്ന അദ്ദേഹത്തിന്റെ ഫത്‌വ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ചിരുന്നു. സ്വന്തം ഗുരുവര്യനിൽ നിന്ന് പോലും എതിർപ്പുകൾ ഉയർന്നപ്പോൾ, "എന്റെ പിതാവിനും ഗുരുവിനുമെതിരെ ഞാൻ മറുപടി പറയുന്നില്ല" എന്ന വിനയവും ഉറച്ച നിലപാടും അദ്ദേഹം ഒരുപോലെ കാത്തുസൂക്ഷിച്ചു. അരനൂറ്റാണ്ടിന് ശേഷം, വർദ്ധിച്ചുവരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം പല പണ്ഡിതന്മാരും ആ കാഴ്ചപ്പാടിലേക്ക് എത്തിച്ചേർന്നുവെന്നതും ചടങ്ങിൽ ഓർമ്മിപ്പിക്കപ്പെട്ടു.ഏകദേശം തൊണ്ണൂറ് വർഷത്തെ വിജ്ഞാന-സേവന ജീവിതത്തിന് വിരാമമിട്ട് വിടപറഞ്ഞ ശൈഖിന്റെ ഗ്രന്ഥശേഖരം ഇനി നാഷണൽ ലൈബ്രറിയുടെ തണലിൽ തലമുറകൾക്ക് സ്വന്തം. "പുസ്തകങ്ങൾ അമൂല്യമായിരുന്ന കാലത്ത്, കടം വാങ്ങിയ ഗ്രന്ഥം വിളക്കിന്റെ വെളിച്ചത്തിൽ രണ്ട് മാസം രാപ്പകലില്ലാതെ കൈകൊണ്ട് പകർത്തിയെഴുതിയ ആ അർപ്പണബോധത്തിൽ നിന്നാണ് ഈ ലൈബ്രറിയുടെ കഥ തുടങ്ങുന്നത്," ശൈഖിന്റെ മകനും ഖത്തർ ശരീഅത്ത് കോടതി മുൻ പ്രസിഡന്റുമായ അബ്ദുൾ റഹ്മാൻ അൽ മഹ്മൂദ് ഹൃദയസ്പർശിയായി പറഞ്ഞു.
​ഖത്തർ യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഡോ. യൂസഫ് അൽ-ഒബൈദാനും സംസാരിച്ചു. റേഡിയോ പ്രഭാഷണങ്ങളിലൂടെയും വെള്ളിയാഴ്ച ഖുതുബകളിലൂടെയും ഒരു തലമുറയുടെ ബോധമണ്ഡലത്തെ രൂപപ്പെടുത്തിയ ശൈഖിന്റെ ശബ്ദവും, വിയോജിപ്പുകളെ പോലും സഹിഷ്ണുതയോടെ കേൾക്കുന്ന 'അദബുൽ ഇഖ്‌തിലാഫ്' (സംവാദ മര്യാദ) എന്ന വലിയ പാഠവും അദ്ദേഹം ഓർത്തെടുത്തു. സ്വകാര്യ ശേഖരങ്ങൾ സംരക്ഷിക്കുന്നതിലൂടെ പൈതൃകവും ചരിത്രവും കാത്തുസൂക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് നാഷണൽ ലൈബ്രറിയിലെ ഹെറിറ്റേജ് കളക്ഷൻസ് വിഭാഗം മേധാവി ആയിഷ ഹസ്സൻ അൽ-അൻസാരി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img