
ദോഹ: മാനവ സേവനത്തിന്റെ ഉദാത്ത മാതൃക തീർത്ത്, ഗൾഫ് നാടുകളിലും ഭാരതത്തിലും ആശ്വാസത്തിന്റെ തണൽ വിരിച്ച അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ അമരക്കാരൻ ഡോ. മുഹമ്മദ് ആലുങ്ങലിന് വീണ്ടുമൊരു പൊൻതൂവൽ. ഫോബ്‌സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 'ടോപ്പ്ഹെൽത്ത്‌കെയർ ലീഡേഴ്‌സ് 2026' പട്ടികയിലാണ് അബീറിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. മുഹമ്മദ് ആലുങ്ങൽ ഇടംപിടിച്ചത്.
ഒരു ചെറിയ സ്വപ്നത്തിൽ നിന്ന് തുടക്കമിട്ട്, അതിരുകളില്ലാത്ത കാരുണ്യത്തിന്റെ മഹാപ്രസ്ഥാനമായി അബീറിനെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനുള്ള അംഗീകാരമാണിത്. ജി.സി.സിയിലെയും ഇന്ത്യയിലെയും ലക്ഷക്കണക്കിന് മനുഷ്യർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും കരുണ നിറഞ്ഞ പരിചരണവും ഉറപ്പാക്കാൻ അബീറിന്റെ ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും സാധിച്ചു.
"ഈ മഹത്തായ പുരസ്കാരം അബീർ എന്ന വലിയ കുടുംബത്തിന്റെ ആത്മാർത്ഥതയ്ക്കുള്ള തിളക്കമാണ്. നാം ചുവടുവെക്കുന്നിടത്തെല്ലാം സ്നേഹവും സുഖപ്പെടുത്തുന്ന സ്പർശവും എത്തിക്കുക എന്ന ദൗത്യത്തിന് ഈ ആദരം കൂടുതൽ ഊർജ്ജം പകരുന്നുവെന്ന് ഡോ. മുഹമ്മദ് ആലുങ്ങൽ പറഞ്ഞു.
ആരോഗ്യ സംരക്ഷണ രംഗത്ത് നവതരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ഓരോ രോഗിയുടെയും പുഞ്ചിരിയിൽ സ്വന്തം സഫലത കണ്ടെത്തുന്ന അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ യാത്രയിലെ തിളക്കമാർന്ന നാഴികക്കല്ലാണ് ഈ ഫോബ്‌സ് ആദരം.










