
തിരുവനന്തപുരം: സംസ്ഥാനത്തെ നഗര ഗതാഗത സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടിസ്ഥാനസൗകര്യ വികസന രംഗത്ത് ഇരു നഗരങ്ങളെയും രാജ്യത്തെ മികച്ച നഗരങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ സർക്കാരുകൾ പലതവണ പ്രഖ്യാപിച്ചെങ്കിലും യാഥാർഥ്യമാകാതെ പോയ ലൈറ്റ് മെട്രോ പദ്ധതികൾക്ക് നിലവിലെ സർക്കാർ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനായി 2026-27 ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നിർണായക ചുവടുവയ്പ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്.










