10:48pm 30 September 2026
NEWS
ദേശീയ പാതയോരങ്ങളിൽ വസിക്കുന്നവരെയും വ്യാപാരം ചെയ്യുന്നവരെയും ആട്ടിയോടിക്കുന്ന
ദേശീയ പാതയിലെ ഭൂമി മരവിപ്പിക്കൽ നടപടി പിൻവലിക്കുക.

30/09/2026  09:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ പാതയോരങ്ങളിൽ വസിക്കുന്നവരെയും വ്യാപാരം ചെയ്യുന്നവരെയും ആട്ടിയോടിക്കുന്ന ദേശീയ പാതയിലെ ഭൂമി മരവിപ്പിക്കൽ നടപടി പിൻവലിക്കുക.

നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി.ഭൂമിമരവിപ്പിക്കലിൽ നിന്ന് കേരളത്തെ പൂർണ്ണമായി ഒഴിവാക്കുക.സംസ്ഥാന ജനകീയ കൺവൻഷൻ 2026 ഒക്ടോബർ 4 (ഞായർ) 10 മണിക്ക് എറണാകുളം അദ്ധ്യാപക ഭവനിൽ
രാജ്യത്തെ എല്ലാ ദേശീയപാതകളുടെയും മധ്യത്തിൽ നിന്ന് ഇരുവശങ്ങളിലേക്കും ഭവനങ്ങൾക്ക്‌ 40 മീറ്ററും വ്യാപാരസ്ഥാപനങ്ങൾക്ക്‌ 75 മീറ്ററും നിർമ്മാണ വിലക്ക്‌ ഏർപ്പെടുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഏപ്രിൽ 13 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.

പുതിയ നിർമ്മാണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ കോടതി, ഇതിനോടകം എല്ലാ നിയമങ്ങളും പാലിച്ച് അനുമതി നേടിയും കരവും നികുതികളും ഒടുക്കിയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നിലവിലുള്ള  കെട്ടിടങ്ങളുടെ ലൈസൻസുകളും അനുമതികളും പുന:പരിശോധിക്കുവാനും ഉത്തരവിട്ടിട്ടുണ്ട്.  

രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായ റോഡ് അപകടങ്ങളിലായി കുറച്ചു മനുഷ്യർ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ എതിർകക്ഷിയാക്കി സ്വമേധയാ എടുത്ത (Suo Moto) കേസിലാണ് രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ, വലിയ വിഭാഗം മനുഷ്യരെ ആശങ്കയിലാഴ്ത്തിയ വിധി വന്നിരിക്കുന്നത്. 

റോഡ് അപകടവുമായി ഒരു ബന്ധവുമില്ലാത്ത നടപടിയാണ് ഫ്രീസിങ് എന്നത് പകൽപോലെ വ്യക്തമാണ്. ഇത് നടപ്പാക്കാൻ തുനിഞ്ഞാൽ ഉണ്ടാകാനിടയുള്ള സാമൂഹിക ആഘാതത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് അധികാരികൾ നീങ്ങുന്നത് . എല്ലാത്തരം നിർമ്മാണങ്ങളും കൈമാറ്റങ്ങളളും വിലക്കിക്കൊണ്ട് ഫ്രീസിംങ് അഥവാ ബഫർ സോൺ പ്രഖ്യാപിക്കുയാണ് ഉത്തരവിൽ ചെയ്തിട്ടുള്ളത്.ജനജീവിതം മരവിപ്പിക്കുന്നതാണ് ഈ കേന്ദ്ര നടപടി .

 ഇടക്കാല വിധിപ്രകാരം രാജ്യത്തെ ദേശീയപാതകളുടെ ഓരങ്ങളിൽ വലിയ നിയന്ത്രണങ്ങളാണ് വരാൻ പോകുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ഭരണപരമായ വീഴ്ചകളും മറച്ചുപിടിച്ച്, സുരക്ഷയുടെ പേരിൽ നടപ്പിലാക്കുന്ന ഈ നിയമങ്ങൾ യഥാർത്ഥത്തിൽ വികസനത്തിന്റെ മറവിൽ കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കാനും സ്വന്തം കിടപ്പാടത്തിൽ ജനങ്ങളെ അഭയാർത്ഥികളാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. 

മനുഷ്യന്റെ ജീവവായു പോലെ പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് സഞ്ചാര സ്വാതന്ത്ര്യം. എന്നാൽ മുൻകാലങ്ങളിൽ ജനങ്ങൾ സ്വതന്ത്രമായും സൗജന്യമായും യാത്ര ചെയ്തിരുന്ന നമ്മുടെ ദേശീയ പാതയെ ഇന്ന് പൂർണ്ണമായും സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുക്കുകയാണ്.  ടോൾ പിരിവ് കാലാവധി അനന്തമായി നീട്ടിക്കൊടുക്കുന്ന അഴിമതിയും ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ പാലിയേക്കര ടോൾ പ്ലാസയിൽ നിർമ്മാണത്തിന് ആവശ്യമായി വന്ന തുകയുടെ എത്രയോ ഇരട്ടി പിരിച്ചെടുത്തിട്ടും ടോൾ പിരിവ് അവസാനിച്ചിട്ടില്ല എന്നത് ഇതിന് ഉദാഹരണമാണ്.

കേന്ദ്ര സർക്കാരിന്റെ നാഷണൽ മോണറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ ദേശീയപാതകൾ 'ടോൾ-ഓപ്പറേറ്റ്-ട്രാൻസ്ഫർ' (ToT) മാതൃകയിൽ 15 മുതൽ 30 വർഷത്തേക്ക് വൻകിട സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസ്വത്താണ് കോർപ്പറേറ്റുകൾക്ക് സ്ഥിരം വരുമാനമുണ്ടാക്കാനുള്ള ചൂഷണോപാധിയായി മാറ്റപ്പെടുന്നത്. മൊത്തവില സൂചികയുടെ (WPI) അടിസ്ഥാനത്തിൽ എല്ലാ വർഷവും ടോൾ നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകുന്നതാണ് നിലവിലെ വ്യവസ്ഥ. കേരളം പോലെ പൂർണ്ണമായും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനത്ത് ചരക്ക് വാഹനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീമമായ ടോൾ ചാർജ് നേരിട്ട് ബാധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ്. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടേ തകർക്കുന്നു. 

ഭീമമായതും വർഷാവർഷം വർദ്ധിപ്പിക്കുന്ന രീതിയിലുള്ളതുമായ ടോൾ പിരിവിലൂടെ ജനങ്ങളെ ഞെക്കിപ്പിഴിയുക മാത്രമല്ല ദേശീയപാതയുടെ ഇരുവശത്തുമുള്ള കണ്ണായ ഭൂമി ഏറ്റെടുത്ത് ഹൈവേയുമായി ബന്ധപ്പെട്ട വൻകിട വ്യാപാരകേന്ദ്രങ്ങൾ അവിടെ സ്ഥാപിക്കാനുമാണ്. ഫ്രീസിങ് സോൺ മുഴുവൻ കമ്പനികളുടെ നിയന്ത്രണത്തിലാവും.ഇന്ന് തെരുവോരങ്ങളിൽ ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ചെറുകിടകച്ചവടക്കാരെ അവിടെ നിന്ന് ആട്ടിപ്പായിക്കും. 

സാധാരണക്കാർക്ക് തീർത്തും അപ്രാപ്യമായ ഒന്നായി നമ്മുടെ നാട്ടിലെ തെരുവോരങ്ങളെ തന്നെ മാറ്റിതീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇതുവഴി സാധാരണ ജനങ്ങൾ പാപ്പരായി മാറുകയും അവർ ഗത്യന്തരമില്ലാതെ തങ്ങളുടെ ഭൂമി ചില്ലിക്കാശിന് കോർപ്പറേറ്റുകൾക്ക് വിൽക്കാൻ നിർബന്ധിതരാകുന്ന ഒരു സാഹചര്യത്തിലേക്ക് എത്തുകയും ചെയ്യും.

ദേശീയപാതകളിൽ പ്രവേശന നിയന്ത്രണത്തിനു കാരണമായി പറയുന്നത് വേഗസഞ്ചാരത്തിന് അത് അനിവാര്യമാണെന്നാണ്. എന്നാൽ,കേരളം പോലെ അതീവ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ഇത് നടപ്പാക്കപ്പെടുന്നത്. ജനങ്ങളുടെ ദൈനംദിനയാത്രാവശ്യങ്ങളെ സമ്പൂർണ്ണമായി വിസ്മരിച്ചുകൊണ്ട് വലിയദൂരം സഞ്ചരിച്ചുമാത്രം പാതയുടെ എതിർവശത്തേയ്ക്ക് കടക്കാനാകൂ എന്നതാണ് ഇതിന്റെ പ്രശ്നം. മറ്റൊന്ന്  ചെറുകിടവാഹനങ്ങളെയും ബസ്സുകളെയും ഈ പാതയിലേയ്ക്ക് പ്രവേശിപ്പിക്കാത്തതിനാൽ ഇടുങ്ങിയ സർവ്വീസ് റോഡുകളിലൂടെ അവ സഞ്ചരിക്കാൻ നിർബന്ധിതമാകും. ജനങ്ങളുടെ ഹ്രസ്വദൂരയാത്രകൾ സ്വഭാവികമായും വലിയ ഗതാഗത കുരുക്കുകളിൽ വലയും.

നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന 2013-ലെ 'ഭൂമിയേറ്റെടുക്കൽ, പുനരധിവാസ ഭേദഗതി നിയമത്തെ പൂർണ്ണമായും നോക്കുകുത്തിയാക്കുന്നതാണ് ഈ ഭൂമി മരവിപ്പിക്കൽ നടപടി. ഭൂമി നേരിട്ട് ഏറ്റെടുക്കാതെ അനന്തമായി മരവിപ്പിച്ചു നിർത്തുന്നതിലൂടെ, ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് അധികാരികൾ നടത്തുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനും ഉപജീവനം കണ്ടെത്താനുമുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്.  ആർട്ടിക്കിൾ 300 A പ്രകാരം നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെയും സ്വത്തവകാശം നിഷേധിക്കാൻ പാടില്ല. നഷ്ടപരിഹാരം നൽകാതെ ഭൂമിയുടെ ക്രയവിക്രയ അധികാരം തടയുന്നത് സ്വത്തവകാശത്തിന്റെ ലംഘനമാണ്. റോഡ് വികസനത്തിനായി വളരെ മുൻകൂട്ടി തന്നെ ഭൂമി മരവിപ്പിച്ചു (freeze) നിർത്തുന്നത് ജനങ്ങൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. പതിറ്റാണ്ടുകളോളം ഭൂമി മരവിപ്പിച്ചിടുന്നതുവഴി നഷ്ടപരിഹാരം ലഭിക്കാൻ വലിയ കാലതാമസം നേരിടുന്നു. നഷ്ടപരിഹാരമോ യാതൊരുവിധ കരാറുകളോ ഇല്ലാതെ ഭൂമി മരവിപ്പിക്കുന്നത് ആ വസ്തുവിന്റെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കുന്നു. ഇതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ (ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക്) ബാങ്കുകളിൽ ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽക്കാനോ ഉടമകൾക്ക് സാധിക്കാതെ വരുന്നു. ദേശീയപാതാ അതോറിറ്റി ഭൂമി മരവിപ്പിക്കുന്നതിലൂടെ യഥാർത്ഥത്തിൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ പൂർണ്ണമായി മരവിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 850-ൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമായിരിക്കും. ദേശീയപാതകൾക്ക് ഇരുവശത്തുമായി വലിയ ബഫർ സോൺ പ്രഖ്യാപിച്ചാൽ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് മാറിത്താമസിക്കാൻ സംസ്ഥാനത്ത് വേറെ ഭൂമിയില്ല എന്ന യാഥാർത്ഥ്യം ഈ വിധി വരുത്തിവയ്ക്കുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് ആകെ 11 ദേശീയപാതകളിലായി മൊത്തം 1781 കിലോമീറ്റർ റോഡുകളാണുള്ളത്. പുതിയ നിർദ്ദേശം പാലിക്കുമ്പോൾ, 45 മീറ്റർ വീതിയുള്ള ഹൈവേകളിൽ റോഡിന്റെ അതിർത്തിയിൽ നിന്ന് ഇരുവശത്തേക്കും 52.5 മീറ്റർ വരെ ബഫർ സോൺ ആയി ഉപേക്ഷിക്കേണ്ടി വരും. ഈ നിയമം വഴി എൻ.എച്ച് 66-ന്റെ (NH 66) ഓരങ്ങളിൽ മാത്രം ഏകദേശം 16,734 ഏക്കർ ഭൂമി ഫ്രീസ് ചെയ്യപ്പെടും. മറ്റ് ദേശീയപാതകളിലെ ബഫർ സോണുകൾ കൂടി കണക്കിലെടുത്താൽ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയാണ് ജനങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത് 

സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന   ഭൂമി കൊള്ളയ്ക്കും ടോൾ കൊള്ളയ്ക്കുമെതിരെ തെരുവോരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സമരക്കമ്മിറ്റികൾ രൂപീകരിക്കും .ഈ ഭൂമി മരവിപ്പിക്കലിനെതിരെ അതിശക്തമായ ജനകീയ സമരത്തിന് തുടക്കം കുറിക്കുക യാണ്.

സർക്കാർ നയങ്ങളുടെ വൈകല്യം മൂലം പല പ്രാവശ്യമായാണ് ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത്. ആയിരക്കണക്കിന് കുടുംബങ്ങൾ ഇതുമൂലം കുടിയൊഴിപ്പിക്കൽ എന്ന സംഘർഷാത്മകമായ ഭീകരാവസ്ഥയെ ആവർത്തിച്ച് ഏറ്റുവാങ്ങേണ്ടി വന്നവരാണ്. അവരുടെ അവശേഷിക്കുന്ന ജീവിത പ്രതീക്ഷ ഇനിയും ബാക്കിയായ ആ ഇത്തിരി ഭൂമിയിലാണ്. അതുകൂടി ഇല്ലാതാക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാനാവില്ല.  

കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഒക്ടോബർ നാലിന് എറണാകുളം അധ്യാപക ഭവനിൽ സംസ്ഥാന കൺവെൻഷൻ വിളിച്ചു ചേർക്കുകയാണ് പ്രമുഖ കാളീശ്വരം രാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാതയോരങ്ങളിൽ  താമസിക്കുന്ന ഇരകളായവരും ജനകീയ സമരപ്രതിനിധികളും ഈ കൺവെൻഷനിൽ സംബന്ധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img